തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രത്യക്ഷ പ്രതിഷേധ സമരം ഫലം കാണാത്തതിന്‍റെ നിരാശയിലാണ് ഭരണാനുകൂല തൊഴിലാളി സംഘടനകള്‍. ഗതാഗതമന്ത്രി നാളെ വിദേശത്തേക്ക് പോകുന്നതോടെ പ്രശന പരിഹാര ചര്‍ച്ച നീണ്ടേക്കും. സര്‍ക്കാര്‍ സഹായം അനിവാര്യമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.

കഴിഞ്ഞ മാസം രണ്ട് ഗ‍ഡുക്കളായാണ് ശമ്പളം വിതരണം ചെയ്തത്. ഈ മാസം മൂന്ന് ആഴ്ച പിന്നിട്ടെങ്കിലും പകുതി ശമ്പളം മാത്രമാണ് കൊടുത്തത്. എഐടിയുസി ആഭിമുഖ്യത്തിലുള്ള തൊഴിലാളി യൂണിയന്‍ തമ്പാനൂര്‍ സ്റ്റാൻഡിൽ നടത്തുന്ന നിരാഹാര സമരം 12 ദിവസം പിന്നിട്ടു. സിഐടിയുവിന്‍റെ നേതൃത്വത്തിലുള്ള യൂണിയന്‍ ചീഫ് ഓഫീസീനു മുന്നില്‍ ഒരാഴ്ചയായി ഉപരോധ സമരം നടത്തുകയാണ്.

ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ ഇനി 37 കോടി രൂപ വേണം. ദൈനംദിന വരുമാനത്തില്‍ നിന്ന് മാറ്റി വച്ച തുക കൂടിച്ചേര്‍ത്താലും 19 കോടിയെങ്കിലും സര്‍ക്കാര്‍ അടിയന്തര സഹായമായി നല്‍കണമെന്നാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്. ധനമന്ത്രി സ്ഥലത്തിലാത്തതിനാല്‍ ഗതാഗതമന്ത്രിയുമായിയുള്ള മന്ത്രിതല ചര്‍ച്ച നടന്നില്ല. യൂണിയന്‍ നേതാക്കളുമായുള്ള ഇന്നത്തെ ചര്‍ച്ചയും മാറ്റിവച്ചു. നാളെ മുഖ്യമന്ത്രിക്കൊപ്പം വിദേശ പര്യടനത്തിന് പോകുന്ന മന്ത്രി രണ്ടാഴ്ച കഴിഞ്ഞേ മടങ്ങിയെത്തൂ. പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ച നീണ്ടുപോകാനാണ് സാധ്യത.