Asianet News MalayalamAsianet News Malayalam

കെഎസ്ആ‍ർടിസി ശമ്പള പ്രതിസന്ധി: 65 കോടി രൂപ നൽകണമെന്ന് സർക്കാരിനോട് മാനേജ്മെന്റ്

കേരള ട്രാൻസ്പോർട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമവും മാനേജ്മെന്റ് നടത്തുന്നുണ്ട്

KSRTC financial crisis Management seeks 65 crore support from state govt
Author
Thiruvananthapuram, First Published Jul 2, 2022, 10:49 AM IST

തിരുവനന്തപുരം കെ എസ് ആ‍ർ ടി സിയിൽ ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.  മെയ് മാസത്തെ ശമ്പള വിതരണം ഇനിയും പൂർത്തിയായിട്ടില്ല. മെക്കാനിക്കുകളുടെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ അറിയിച്ചു.

മെക്കാനിക്ക് വിഭാഗത്തിൽ ഇനി ശമ്പളം നൽകാനുള്ളത് എറണാകുളം ജില്ലയിലെ ജീവനക്കാർക്ക് മാത്രമാണ്. അതേസമയം തൂപ്പുകാരടക്കമുള്ള കരാർ തൊഴിലാളികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മെയ് മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഇതിനായി മൂന്ന് കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ കേരള ട്രാൻസ്പോർട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമവും മാനേജ്മെന്റ് നടത്തുന്നുണ്ട്.

കേരള ഹൈക്കോടതി കടുത്ത നിലപാടെടുത്തതോടെ നിലവിലെ പ്രതിഷേധങ്ങളും സമരങ്ങളും അവസാനിപ്പിക്കാമെന്ന് കെ എസ് ആ‍ർ ടി സി യിലെ വിവിധ യൂണിയനുകൾ വ്യക്തമാക്കിയിരുന്നു. ശമ്പള വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴാണ് സമരം അവസാനിപ്പിച്ചല്ലെങ്കിൽ താൻ പിന്മാറുമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അറിയിച്ചത്. 

ഹർജി പരിഗണിക്കണമെങ്കിൽ സമരം അവസാനിപ്പിക്കണം. പാവപ്പെട്ട തൊഴിലാളികൾ കഠിനാധ്വാനം ചെയ്യുമ്പോൾ ‍ യൂണിയനുകൾ സമര പ്രഖ്യാപനം നടത്തുന്നത് ശരിയല്ല. കോടതിയെ ചുമ്മാ വിഡ്ഢിയാക്കരുതെന്ന് പറഞ്ഞ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ഹ‍ർജിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവുകളെല്ലാം പിൻവലിക്കുമെന്നും മുന്നറിയിപ്പു നൽകി. ഇതോടെയാണ് നിലവിലെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും യൂണിയനുകൾ അറിയിച്ചത്. 

Follow Us:
Download App:
  • android
  • ios