ജീവനക്കാര്‍ ഒരു വര്‍ഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്തിരിക്കണം. ഇന്‍ക്രിമെന്‍റിനും പ്രമോഷനും  ഇത് ബാധകമായിരിക്കും. പ്രമോഷനും ഇന്‍ക്രിമെന്‍റും  അനുവദിക്കുന്ന തിയതിക്ക് പ്രസ്തുത വര്‍ഷത്തെ  ഡ്യൂട്ടിക്ക് ആനുപാതികമായി ഡ്യൂട്ടി ചെയ്തിരിക്കണം.

തിരുവനന്തപുരം ; ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് ആലോചിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് കടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുന്നത്. സര്‍വ്വീസുകള്‍ മുടങ്ങുന്നത് യാത്രക്ളേശമുണ്ടാക്കുന്നു. മാത്രമല്ല, കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടാക്കുന്നു. പൊതുജനത്തിന് യാത്രസൗകര്യം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം.

ജീവനക്കാര്‍ ഒരു വര്‍ഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്തിരിക്കണം. ഇന്‍ക്രിമെന്‍റിനും പ്രമോഷനും ഇത് ബാധകമായിരിക്കും. പ്രമോഷനും ഇന്‍ക്രിമെന്‍റും അനുവദിക്കുന്ന തിയതിക്ക് പ്രസ്തുത വര്‍ഷത്തെ ഡ്യൂട്ടിക്ക് ആനുപാതികമായി ഡ്യൂട്ടി ചെയ്തിരിക്കണം. ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി സര്‍ക്കാരും, മാനേജ്മെന്‍റും, ജീവനക്കാരുടെ സംഘടനകളും തമ്മിലുണ്ടാക്കിയ കരാറില്‍ ഇത് സംബന്ധിച്ച് വ്യവസ്ഥയുണ്ടെന്നും ചെയര്‍മാന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗമായി അവധിയെടുത്തവര്‍ക്ക് ഇത് ബാധകമല്ല.ജനുവരി 13 മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ട്. എന്നാല്‍ 2022 ലെ ഇന്‍ക്രിമെന്‍റ് , പ്രമോഷന്‍ എന്നിവക്ക് 190 ഡ്യൂട്ടി ബാധകമല്ല. കൊവിഡ് ലോക്ഡൗണ്‍ കാലത്തെ സര്‍വ്വീസ് മുടക്കം കണക്കിലെടുത്താണിത് .

അനിശ്ചിതകാല പണിമുടക്കിന് സാധ്യത

കെഎസ്ആര്‍ടിസിയില്‍ മാർച്ച് മാസത്തെ ശമ്പളം കിട്ടിയത് ഏപ്രിൽ 19 ന്. ഏപ്രിൽ മാസത്തെ ശമ്പളം എന്ന് കിട്ടുമെന്ന് ആർക്കും ഉറപ്പില്ല. ശമ്പള വിതരണം നീളുന്നതില്‍ പ്രതിഷേധിച്ച് മെയ് 6ന് സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ പണിമുടക്കിയിരുന്നു.മെയ് 10 ന് ശേഷവും ശമ്പളം കിട്ടിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിന് യൂണിയനുകല്‍ ഒരുങ്ങുകയാണ്. കാൽ ലക്ഷത്തിലേറെ വരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ജീവിതം കഴിഞ്ഞ കുറച്ചു മാസങ്ങളായി പഞ്ചറായ ടയറുപോലാണ്. ലോണുകളുടെ തിരിച്ചടവിന് മുടക്കം പതിവായി. ആഘോഷങ്ങൾ കട്ടപ്പുറത്തായി. വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് പോയ മാസം ശമ്പളം കിട്ടിയത്. ഈ മാസം ചെറിയ പെരുന്നാളും ശമ്പളം കിട്ടാതെ കടന്നുപോയി.

തെറ്റുന്ന കണക്കുകൂട്ടലുകൾ

ഒരു മാസത്തെ ശമ്പള വിതരണത്തിന് കെഎസ്ആര്‍ടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്. ഏപ്രിൽ മാസം കെഎസ്ആര്‍ടിസിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്പളം നൽകാനാകുന്നില്ല. ഇന്ധന വില വർദ്ധന കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് ആവർത്തിക്കുന്നു. പ്രതിദിന വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നു. ദീർഘകാല വായ്പപയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റി വക്കണം. ഇതെല്ലാം കിഴിച്ചാൽ മാസാവസാനം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നത്.