കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കെഎസ്ആർടിസി നഷ്ടങ്ങൾ കുറച്ച് പതിയെ കരകയറുന്നതായി ഗതാഗത മന്ത്രി സി.പി ജോൺ നിയമസഭയിൽ വ്യക്തമാക്കി. പുതിയ ബസുകൾ നിരത്തിലിറക്കാൻ എംഎൽഎമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായം തേടുന്നതിനൊപ്പം ശബരിമല സീസണിനായി 100 ബസുകൾ നവീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കെഎസ്ആർടിസി പതിയെ കരകയറുന്നുണ്ടെന്നും നഷ്ടങ്ങളുടെ വളവ് തിരിഞ്ഞുവരികയാണെന്നും നിയമസഭയിൽ ഗതാഗത മന്ത്രി സി.പി ജോൺ. പൂർണമായി ലാഭത്തിലാണെന്ന് പറയുന്നില്ലെങ്കിലും കുടിശികകളും കടങ്ങളും തീർക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് കോർപറേഷൻ വരികയാണെന്നും മന്ത്രി വ്യക്തമാക്കി. പുതിയ ബസുകൾ നിരത്തിലിറക്കാൻ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ സഹായിക്കണം. ഓരോ എംഎൽഎമാരും കുറഞ്ഞത് രണ്ട് ബസുകൾ വീതമെങ്കിലും നൽകാൻ തയ്യാറാകണം. വ്യക്തികളും സ്ഥാപനങ്ങളും ഇപ്പോൾ കെഎസ്ആർടിസിക്ക് ബസുകൾ നൽകാൻ സ്വമേധയാ മുന്നോട്ടുവരുന്നുണ്ട്. ഓരോ മന്ത്രിസഭാ യോഗം കഴിയുമ്പോഴും മുഖ്യമന്ത്രി കെഎസ്ആർടിസി ബസിനുള്ള ചെക്ക് ഏറ്റുവാങ്ങുന്ന ഒരു ചടങ്ങ് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയത് കേരള ചരിത്രത്തിൽ ആദ്യമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ 1300 ബസുകൾ മാത്രമാണ് കെഎസ്ആർടിസിക്ക് കൂടുതലായി നിരത്തിലിറക്കാൻ കഴിഞ്ഞത്. വാഹനം വാങ്ങാനുള്ള ഭീമമായ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനാണ് എംഎൽഎമാരുടെ സഹായം സർക്കാർ തേടിയത്. ഇതിനകം 70 ബസുകൾ ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ഗ്രാമവണ്ടിക്ക് ഒരു മാസം ഒരു ലക്ഷം രൂപയോളമാണ് പ്രവർത്തന ചെലവ് വരുന്നത്. എന്നാൽ 36 മുതൽ 40 മാസം വരെയുള്ള തുക മുൻകൂറായി നൽകാൻ പഞ്ചായത്തുകൾ തയ്യാറായാൽ സ്വന്തമായി വാഹനം വാങ്ങി സർവീസ് നടത്താൻ കോർപറേഷൻ തയ്യാറാണ്. ബസ് വാങ്ങാനുള്ള സാമ്പത്തിക ബാധ്യത കുറച്ച് കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കുകയാണ് നിലവിലെ ലക്ഷ്യം. ഇതിനുപുറമെ സ്വകാര്യ വ്യക്തികളിൽ നിന്ന് ഡ്രൈവർ ഉൾപ്പെടെയുള്ള വാടക വ്യവസ്ഥയിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കിയിട്ടുണ്ട്. വരുന്ന ശബരിമല സീസണിനായി പുതിയ വാഹനങ്ങൾക്ക് പുറമെ പഴയ 100 ബസുകൾ പൂർണമായും നവീകരിച്ച് നിരത്തിലിറക്കാൻ സജ്ജമാക്കിയിട്ടുണ്ട്. കോർപറേഷനിലെ ജീവനക്കാരുടെ തന്നെ മികവിലാണ് ഒറ്റനോട്ടത്തിൽ പുതിയതെന്നു തോന്നുന്ന രീതിയിൽ ഇവ പുതുക്കിപ്പണിതത്. ഇതിലൂടെ ഈ ബസുകളിൽ നിന്നുള്ള പുകവമിക്കുന്നത് 30 ശതമാനം വരെ കുറയ്ക്കാനും കഴിഞ്ഞു.
ഓൺലൈൻ പോർട്ടൽ പണിമുടക്കുന്നതിൽ ഇടപെടും
വാഹന സംബന്ധമായ സേവനങ്ങൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ സംവിധാനം നിരന്തരം പണിമുടക്കുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അഞ്ച് മുതൽ 10 ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയെങ്കിലും ഇപ്പോഴും പകൽ സമയങ്ങളിൽ സൈറ്റ് പണിമുടക്കുന്നത് തുടരുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദില്ലിയിലെത്തിയപ്പോഴും ഈ വിഷയം ഉന്നയിച്ചിരുന്നു. ഞങ്ങളുടെ പരിധിയിലുള്ള കാര്യമല്ലെന്ന് പറഞ്ഞ് കൈയൊഴിയാതെ പ്രശ്നപരിഹാരത്തിനായി നിരന്തര ഇടപെടൽ നടത്തുന്നുണ്ടെന്നും സി.പി ജോൺ പറഞ്ഞു.
സംസ്ഥാനത്തെ ആർടിഒ ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷവും ഈ ഓഫീസുകൾ ജനങ്ങൾക്കായി പ്രവർത്തിക്കാൻ നിർദേശം നൽകി. വാഹന പരിശോധനയുമായി ബന്ധപ്പെട്ട പിഴകൾ ഓൺലൈനായി അടയ്ക്കാൻ നിലവിൽ യാതൊരു തടസവുമില്ല. കോടതിയുടെ പരിഗണനയിലില്ലാത്ത ഏത് കേസുകളിലെയും പിഴ ഓൺലൈനായി അടയ്ക്കാം. നിയമലംഘനം നടന്ന ജില്ലകളിൽ മാത്രമേ പിഴ അടയ്ക്കാൻ കഴിയൂ എന്ന നിബന്ധനയുണ്ടെങ്കിൽ അത് മാറ്റി എവിടെനിന്നും തുക അടയ്ക്കാനുള്ള സൗകര്യം ഉടൻ ഏർപ്പെടുത്തും. വാഹന വിതരണക്കാരുടെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ അത് വിശദമായി പരിശോധിക്കുമെന്നും മന്ത്രി സഭയിൽ ഉറപ്പുനൽകി.


