Asianet News MalayalamAsianet News Malayalam

ആലിഫ് ഗ്രൂപ്പിന് കോഴിക്കോട് ബസ് സ്റ്റാന്റ് പാട്ടത്തിന് നൽകിയത് ധന-ഗതാഗത വകുപ്പുകളുടെ എതിർപ്പ് മറികടന്ന്

കെട്ടിട സമുച്ചയം അലിഫ് ബിൽഡേഴ്സിന് തന്നെ നൽകാൻ പ്രത്യേക താത്പര്യം സർക്കാരിനുണ്ടായിരുന്ന ആരോപണം ബലപ്പെടുത്തുന്ന രേഖകളാണ് പുറത്തുവരുന്നത്

ksrtc kozhikode stand given to alif builders without considering finance transport departments Objection
Author
Kozhikode, First Published Oct 12, 2021, 8:46 AM IST

തിരുവനന്തപുരം: കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിട സമുച്ചയം (Kozhikode KSRTC building) അലിഫ് ബിൽഡേഴ്സിന് (Alif Builders) പാട്ടത്തിന് സര്‍ക്കാര്‍ കൈമാറിയത് ധനവകുപ്പിന്റെയും ഗതാഗത വകുപ്പിന്‍റെയും എതിർപ്പ് മറികടന്ന്. കെട്ടിട സമുച്ഛയം വെവ്വേറെ യൂണിറ്റുകളായി പാട്ടത്തിന് നല്‍കുന്നതാണ് ലാഭകരമെന്നായിരുന്നു ധനവകുപ്പിന്‍റെ (Finance Department) നിര്‍ദ്ദേശം. വാണിജ്യ സമുച്ഛയത്തിന്റെ നടത്തിപ്പ് കെഎസ്ആര്‍ടിസിയെ (KSRTC) ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ഗതാഗത വകുപ്പ് മുന്നോട്ടു വെച്ചത്. എന്നാല്‍ ഈ രണ്ട് നിര്‍ദ്ദേശങ്ങളും തളളിയാണ് മന്ത്രിസഭ അലിഫ് ബില്‍ഡേഴ്സിന് കെട്ടിടത്തിന്‍റെ നടത്തിപ്പ് ചുമതല നല്‍കിയത്.

കെട്ടിട സമുച്ചയം അലിഫ് ബിൽഡേഴ്സിന് തന്നെ നൽകാൻ പ്രത്യേക താത്പര്യം സർക്കാരിനുണ്ടായിരുന്ന ആരോപണം ബലപ്പെടുത്തുന്ന രേഖകളാണ് പുറത്തുവരുന്നത്. ധനകാര്യ സെക്രട്ടറിയുടെ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് സർക്കാരിന് സമർപ്പിച്ച കത്തിൽ, വാണിജ്യ സമുച്ഛയം ഒറ്റ യൂണിറ്റായി പാട്ടത്തിന് നല്‍കാനായി നടത്തിയ മൂന്ന് ടെന്‍ഡറുകളും പരാജയപ്പെട്ടിട്ടും നാലാം വട്ടവും ഇതേ ശ്രമമാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. പകരം കെട്ടിടം വെവ്വേറെ യൂണിറ്റുകളായി പരമാവധി പബ്ളിസിറ്റി നല്‍കി ലേലത്തില്‍ വയ്ക്കാവുന്നതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മറ്റ് ഏജന്‍സികളും ഷോപ്പിംഗ് കോപ്ളക്സുകള്‍ വിജയകരമായി ലേലം നടത്തിയ മാതൃകകളും പരീക്ഷിക്കാം. 50 കോടി രൂപ ഡെപ്പോസിറ്റും 50 ലക്ഷം രൂപ വാടകയും എന്ന വ്യവസ്ഥയില്‍ മാക് ബില്‍ഡേഴ്സ് നേടിയ ആദ്യ ടെന്‍ഡര്‍ പരാജയപ്പെട്ട കാര്യവും പിന്നീട് അലിഫ് ബില്‍ഡേഴ്സ് 17 കോടി രൂപ നിക്ഷേപവും 43 ലക്ഷം രൂപ വാടകയുമെന്ന വ്യവസ്ഥയില്‍ ടെന്‍ഡറെടുത്തതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കെറ്റിഡിഎഫ്സിയ്ക്കുളള ബാധ്യതകള്‍ പരിഹരിച്ച് വാണിജ്യ സമുച്ചയങ്ങൾ കെഎസ്ആർടിസിയെ ഏല്‍പ്പിക്കണമെന്ന് ഗതാഗത വകുപ്പും ആവശ്യപ്പെട്ടു. BOT അടിസ്ഥാനത്തിൽ നിർമ്മിച്ച കോപ്ളംക്സ് ഇത്തരത്തില്‍ കെഎസ്ആര്‍ടിസിയെ ഏല്‍പ്പിച്ചാല്‍ മാത്രമെ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയൂ എന്നും ഗതാഗതം വകുപ്പ് വാദിച്ചു. എന്നാല്‍ ഇതെല്ലാം തളളിയാണ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന മന്ത്രിസഭായോഗം നടത്തിപ്പ് ചുമതല അലിഫ് ബില്‍ഡേഴ്സിന് കൈമാറാന്‍ തീരുമാനിച്ചത്. പ്രത്യേകം യൂണിറ്റുകളായി ലേലം നടത്തുമ്പോഴുളള കാലതാമസം, കെട്ടിട സമുച്ചയത്തിന്റെ പഴക്കം, ലേലത്തുക കുറയുമെന്ന ആശങ്ക എന്നിവ പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം.

Follow Us:
Download App:
  • android
  • ios