Asianet News MalayalamAsianet News Malayalam

'കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനായി 103 കോടി നൽകാനാകില്ല'; സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുള്ളത്

KSRTC Salary crisis, Kerala Government approaches High Court
Author
First Published Aug 30, 2022, 2:01 PM IST

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ നി‍ർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ നൽകിയത്. മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസി എന്നും അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നാണ് സർക്കാർ വാദം. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആർടിസി. മറ്റ് ബോർഡ്, കോർപ്പറേഷൻ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നൽകാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിക്ക് പ്രത്യേക പരിഗണന നൽകാനാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹ‍ർജി പരിഗണിക്കവേ, സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ശമ്പളം നൽകാൻ കൂടുതൽ സമയം വേണമെന്നും മാനേജ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ പട്ടിണിക്കിടാൻ ആകില്ലെന്ന് വ്യക്തമാക്കി 103 കോടി രൂപ സെപ്തംബ‍ർ 1ന് മുമ്പ് നൽകാൻ സർക്കാരിനോട് കോടതി നി‍ർദേശിച്ചത്. രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 50 കോടി രൂപ വീതവും ഉത്സവ ബത്ത നൽകാൻ 3 കോടിയും നൽകാനായിരുന്നു നിർദേശം. 

കണ്ണീരോടെ പെൻഷനേഴ്സ്

വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം മുടങ്ങി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പെൻഷൻ വിതരണം മുടങ്ങിയത്. സാങ്കേതിക തകരാറാണ് കാരണം എന്നാണ് വിശദീകരണം. വിതരണം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ, പെൻഷൻ വിതരണം നിലച്ചത് മുൻ ജീവനക്കാരെ പ്രതിസന്ധിയിലാക്കി. 

Follow Us:
Download App:
  • android
  • ios