Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസി സമരം : മരിച്ച സുരേന്ദ്രൻ സിപിഎം അനുഭാവിയെന്ന് കടകംപള്ളി, സഭയിൽ രാഷ്ട്രീയപ്പോര്

സമരത്തിന് തുടക്കമിട്ട എടിഒ ലോപ്പസ് കോൺഗ്രസുകാരനാണെന്നും കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രൻ സിപിഎം കാരനാണെന്നും മന്ത്രി  കടകംപള്ളി പറഞ്ഞതോടെ നിയമസഭയില്‍ പ്രതിഷേധം അണപൊട്ടി.

ksrtc strike discussion in niyamasabha
Author
Trivandrum, First Published Mar 5, 2020, 11:12 AM IST

തിരുവനന്തപുരം: മണിക്കൂറുകളോളം തലസ്ഥാന നഗരം സ്തംഭിപ്പിക്കുകയും ഒരാളുടെ മരണത്തിന് വരെ കാരണമാകുകയും ചെയ്ത കെഎസ്ആര്‍ടിസി മിന്നൽ പണിമുടക്കിനെ ചൊല്ലി നിയമസഭയിൽ ബഹളം. സമരം നോക്കി നിന്ന സര്‍ക്കാര്‍ നടപടി തികഞ്ഞ അലംഭാവമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും സഭയിൽ ഇല്ലാതിരുന്നത് തുടക്കത്തിലേ പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മറുപടി പറയാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എഴുന്നേറ്റതോടെ പല തവണ സഭയിൽ ബഹളമായി. 

സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലാണ് ആദ്യം പ്രശ്നമുണ്ടായതെന്ന് മന്ത്രി വിശദീകരിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടൻ നടപടി എടുക്കും. സമരമുണ്ടായ അപ്പോൾ തന്നെ ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിട്ട് നടപടിയുണ്ടായില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല ആരോപിച്ചു.  മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ എം വിൻസന്‍റ് എംഎൽഎ പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: 'നടന്നത് മര്യാദകേട്', കെഎസ്ആര്‍സി സമരത്തിനിടെ മരിച്ചയാളുടെ കുടുംബത്തിന് ധനസഹായമെന്ന് മന്ത്രി കടകംപള്...

താരതമ്യേന ജൂനിയറായ എം വിൻസന്‍റ് എംഎൽഎയെ അടിയന്തര പ്രമേയ നോട്ടീസ് ഏൽപ്പിച്ച പ്രതിപക്ഷവും വിഷയം ഗൗരവമായല്ല കാണുന്നതെന്നതിന് തെളിവാണെന്ന കടകംപള്ളി സുരേന്ദ്രന്‍റെ വാക്കുകളിൽ വലിയ പ്രതിഷേധമാണ് നിയമസഭയിൽ ഉണ്ടായത്. സമരത്തിന് തുടക്കമിട്ട എടിഒ ലോപ്പസ് കോൺഗ്രസുകാരനാണെന്നും കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രൻ സിപിഎം കാരനാണെന്നും കൂടി കടകംപള്ളി പറഞ്ഞതോടെ പ്രതിഷേധം അണപൊട്ടി. സിഐടിയുക്കാര്‍ സമരത്തിനില്ലായിരുന്നു എന്ന മന്ത്രിയുടെ വാദവും പാടെ പൊളിഞ്ഞു. സിഐടിയു പ്രവര്‍ത്തകര്‍ സമരത്തിൽ പങ്കെടുത്തതിന്‍റെയും വിശദീകരണം നടത്തിയതിന്‍റെയും ദൃശ്യങ്ങളും പിന്നാലെ പുറത്ത് വന്നു. 

മുഖ്യമന്ത്രി സഭയിൽ ഇല്ലാത്തത് വലിയ പ്രശ്നമായിത്തന്നെയാണ് പ്രതിപക്ഷം ഏറ്റെടുത്തത്. മുഖ്യമന്ത്രിയോ ഗതാഗത മന്ത്രിയോ മറുപടി ഇല്ലാത്തത് സര്‍ക്കാരിന്‍റെ അലംഭാവത്തിനുള്ള തെളിവാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് ആരോപിച്ചു. സമരം അഞ്ച് മണിക്കൂറിലേറെ നീണ്ടിട്ടും തിരുവനന്തപുരത്തിന്‍റെ ചുമതലയുള്ള മന്ത്രി എവിടെ പോയെന്നും പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.  മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം ആണെന്നായിരുന്നു സ്പീക്കറുടെ മറുപടി. 

എം വിൻസന്‍റിനെതിരായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പരാമര്‍ശത്തെ സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷം നേരിട്ടത്. എം വിൻസന്‍റിനെ തരം താഴ്ത്തി സംസാരിച്ചെന്ന് രമേശ് ചെന്നിത്തല കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ചു. വിൻസൻ്റിനെക്കാൾ സീനിയർ നേതാവായ വിഎസ് ശിവകുമാർ എവിടെയെന്നായിരുന്നു മന്ത്രി കടകംപ്പള്ളിയുടെ മറുപടി. എല്ലാ അംഗങ്ങൾക്കും ഒരേ അധികാരം ആണെന്നും ആക്ഷേപകരമായ പരാമർശങ്ങൾ രേഖയിൽ ഉണ്ടാകില്ലെന്നും പറഞ്ഞ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പ്രതിപക്ഷത്തെ അനുനയിപ്പിച്ചു,. 
 

Follow Us:
Download App:
  • android
  • ios