Asianet News MalayalamAsianet News Malayalam

'സ്വകാര്യ ബസ് കൊള്ള': അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി

സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ് ആണ് തലശേരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നത്.

ksrtc swift starts special services to bengaluru and chennai from main stations joy
Author
First Published Dec 21, 2023, 11:06 AM IST

കണ്ണൂര്‍: ക്രിസ്തുമസ് അവധി തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി. ബംഗളൂരുവില്‍ നിന്ന് തലശേരിയിലേക്കും പാലക്കാടേക്കുമാണ് ഏറ്റവും പുതിയതായി സര്‍വീസുകള്‍ ആരംഭിച്ചതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ് ആണ് തലശേരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നത്. രാത്രി 9:30ന് തലശേരിയില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 4:45ന് ബംഗളൂരു എത്തും. തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് രാത്രി 9:45ന് തലശേരിയിലേക്ക് തിരിക്കുന്ന തരത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. ഇരിട്ടി, മൈസൂരു എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി തലശേരി ഫോണ്‍: 0490-234 3333.

ബംഗളൂരു - പാലക്കാട് റൂട്ടില്‍ സൂപ്പര്‍ ഡീലക്‌സ് ആണ് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നത്. ഡിസംബര്‍ 22, 23 തീയതികളില്‍ രാത്രി എട്ടരയ്ക്കാണ് ബംഗളൂരുവില്‍ പാലക്കാടേക്ക് ബസ് സര്‍വീസ് നടത്തുന്നത്. നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണ് ഈ സര്‍വീസ് ക്രമീകരിച്ചിട്ടുള്ളതെന്നും ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് ബംഗളൂരു മലയാളികളുടെ സൗകര്യാര്‍ത്ഥമാണ് തീരുമാനമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി പാലക്കാട്: 0491-252 0098.

സംസ്ഥാനത്തെ മറ്റ് പ്രധാന ഡിപ്പോകളില്‍ നിന്നും ഇന്നലെ മുതല്‍ ചെന്നൈ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരി മൂന്നു വരെയാണ് ഈ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നത്. 

അതേസമയം, അവധിയുടെ പശ്ചാത്തലത്തില്‍ ഇരട്ടിയിലേറെ നിരക്കാണ് ബംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. നാളെയും മറ്റന്നാളുമെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ 6,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ഓണ്‍ലൈന്‍ വഴി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്താല്‍ മേഴ്സിഡീസ് ബെന്‍സിന്റെ മള്‍ട്ടി ആക്സില്‍ എസി സ്ലീപ്പര്‍ ബസിന് നിരക്ക് 3,390 രൂപയാണ്. മറ്റ് ബസുകളില്‍ 2000ത്തിനും 3000ത്തിനും ഇടയിലാണ് നിരക്കുകള്‍. എന്നാല്‍ നാളെ അത് 6000 രൂപയാകും, ഇരട്ടി തുകയുടെ വ്യത്യാസം. ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് 4,900 വരെയാണ് ടിക്കറ്റ് നിരക്കുകള്‍. നോണ്‍ എസി സീറ്റര്‍ ബസുകള്‍ക്ക് നിരക്ക് 2840 രൂപ വരെയാണ് നിരക്ക്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ സംഘടനാ തീരുമാനം മറികടന്നാണ് ഈ പിഴിയല്‍ എന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധി റിജാസ് പറഞ്ഞു. 

'യാത്രക്കാരെ ഞെക്കിപ്പിഴിഞ്ഞ് വിമാന കമ്പനികള്‍'; നാട്ടില്‍ പോകുന്നവരുടെ പോക്കറ്റ് കീറും 

 

Latest Videos
Follow Us:
Download App:
  • android
  • ios