ക്രിസ്മസ് - പുതുവത്സര അവധിക്കാലത്ത് ഉല്ലാസയാത്രകളിലൂടെ കെഎസ്ആര്‍ടിസി നേടിയത് ലക്ഷങ്ങളുടെ വരുമാനം. കൊല്ലം ജില്ലയിലെ 9 ഡിപ്പോകളില്‍ നിന്നായി 38 ലക്ഷം രൂപയാണ് ബജറ്റ് ടൂറിസം സെല്‍ നേടിയത്. 

കൊല്ലം: ക്രിസ്മസ് - പുതുവത്സര അവധിക്കാല യാത്രകളിലൂടെ കെഎസ്ആര്‍ടിസി നേടിയത് ലക്ഷങ്ങളുടെ വരുമാനം. കൊല്ലം ജില്ലയിലെ 9 ഡിപ്പോകളില്‍ നിന്നുമായി 38 ലക്ഷം രൂപയാണ് ഉല്ലാസ യാത്രകളിലൂടെ ബജറ്റ് ടൂറിസം സെല്‍ നേടിയത്. 9,24,000 രൂപയുമായി കൊല്ലം ഡിപ്പോ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ 7,56,000 രൂപയുമായി കൊട്ടാരക്കര രണ്ടാമതും 5,96,000 രൂപയുമായി ചടയമംഗലം മൂന്നാമതും എത്തി. കരുനാഗപ്പള്ളി (5,60,120), പത്തനാപുരം (2,55,790), പുനലൂര്‍ (3,42,980), ചാത്തന്നൂര്‍ (2,32,260), കുളത്തൂപ്പുഴ (90,000), ആര്യങ്കാവ് (34,400) എന്നിങ്ങനെയാണ് മറ്റ് യൂണിറ്റുകളില്‍ നിന്ന് ലഭിച്ച വരുമാന നിരക്ക്.

തിരുവൈരാണിക്കുളം നടതുറപ്പ് അനുബന്ധിച്ച് എല്ലാ ദിവസവും കൊല്ലം ഡിപ്പോയില്‍ നിന്നും ബസുകള്‍ ഉണ്ടാകും. ഡീലക്‌സ് ബസിന് 850 രൂപയും ലോ ഫ്‌ലോര്‍ എസിക്ക് 1,100 രൂപയുമാണ് നിരക്ക്. ജനുവരി 6, 30 തീയതികളില്‍ ഗവി യാത്രാ ഉണ്ടായിരിക്കും. നിരക്ക് 1,750 രൂപ. ജനുവരി 10, 25 തീയതികളില്‍ മൂന്നാര്‍ - കാന്തല്ലൂര്‍ യാത്രയും പാഞ്ചാലിമേട് യാത്രയും ഉണ്ടായിരിക്കും. മൂന്നാര്‍ 2,380 രൂപ, പാഞ്ചാലിമേട് 820 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ജനുവരി 11, 24 ദിവസങ്ങളില്‍ ഇല്ലിക്കല്‍ കല്ല് യാത്ര രാവിലെ 5ന് ആരംഭിക്കും. നിരക്ക് 820 രൂപ. ജനുവരി 17, 31 ദിവസങ്ങളില്‍ വാഗമണ്‍, പൊന്മുടി യാത്രകള്‍ ഉണ്ടായിരിക്കും. വാഗമണ്‍ യാത്രയുടെ നിരക്ക് 1,020 രൂപ, പൊന്മുടി യാത്രയ്ക്ക് 650 രൂപയുമാണ് നിരക്ക്. ജനുവരി 18ന് കന്യാകുമാരി യാത്ര രാവിലെ 4.30ന് കൊല്ലത്ത് നിന്നും ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി എന്നിവ സന്ദര്‍ശിക്കും. നിരക്ക് 800 രൂപ.

ജനുവരി 22ന്റെ പാലക്കാട് - നെല്ലിയാമ്പതി യാത്ര രാത്രി 9ന് ആരംഭിക്കും. രണ്ട് പകല്‍, രണ്ട് രാത്രി ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് 2,000 രൂപയാണ് നിരക്ക്. ആഡംബര കപ്പല്‍ യാത്രയായ നെഫര്‍റ്റിറ്റി ജനുവരി 26ന് ഉണ്ടായിരിക്കും. രാവിലെ 10ന് കൊല്ലത്ത് നിന്നും ലോ ഫ്‌ളോര്‍ ബസില്‍ എറണാകുളത്ത് എത്തി കപ്പലില്‍ അഞ്ച് മണിക്കൂര്‍ ചുറ്റി മടങ്ങിയെത്തുന്ന യാത്രയ്ക്ക് 3,840 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക്: 9747969768, 9995554409.