Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് സർവീസ് നാളെ മുതൽ; ബസുകൾ പരീക്ഷണ ഓട്ടം തുടരുന്നു

വിമാനത്താവളത്തെയും റെയിൽവേ സ്റ്റേഷനെയും തമ്പാനൂർ ബസ് സ്റ്റേഷനെയും ബന്ധിപ്പിച്ച് എയർ-റെയിൽ സർക്കുലർ സർവീസിനും നാളെ തുടക്കമാകും

KSRTC to operate City circular electric services from tomorrow
Author
Thiruvananthapuram, First Published Jul 31, 2022, 10:42 AM IST

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്ന് യാത്രക്കാരുമായി സർവീസ് നടത്തുന്നത്. ഇന്നലെയും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ  സർവീസിനും നാളെ തുടക്കമാകും. വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്‌, ഇന്റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ്‌ സ്‌റ്റേഷനും സെൻട്രൽ റെയിൽവേ സ്‌റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ–റെയിൽ സർക്കുലർ സർവീസ്‌. അരമണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തും. രണ്ട് ബസാണ്‌ ഇത്തരത്തിൽ സർവീസ് നടത്തുക.

തലസ്ഥാനത്ത് 64 ബസുകളാണ് നിലവിൽ സർക്കുലർ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകൾ നിരത്തിലെത്തും. കൂടുതൽ ബസുകളെത്തുന്ന മുറയ്ക്ക്, ജൻറം ബസുകൾ പിൻവലിക്കാനാണ് തീരുമാനം. നിലവിൽ സിറ്റി സർവീസ് നടത്തുന്ന ബസുകൾക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കിൽ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാപ്പനംകോട്ടെ സെൻട്രൽ വർക്ക‍്‍ഷോപ്പ്, വികാസ് ഭവൻ ഡിപ്പോ എന്നിവിടങ്ങളിൽ നിലവിൽ ചാർജിംഗിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പേരൂർക്കടയിൽ ചാർജിംഗ് സ്റ്റേഷൻ നാളെ പ്രവർത്തന സജ്ജമാകും. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സർവീസ് നടത്താൻ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. ഫുൾ ചാര്‍ജിൽ 175 കിലോമീറ്റര്‍ ഓടും. 27 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. 

ജൂലൈ മാസത്തെ ശമ്പളം; സർക്കാർ സഹായമായി 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

സിറ്റി സർക്കുലർ സർവീസിന്റെ ഭാഗമായി 23 ബസുകളാണ് ആദ്യഘട്ടത്തിൽ ഓടുക. ഇതിനായി കഴിഞ്ഞ മാസം ഹരിയാനയിൽ നിന്ന്‌ 25 ബസുകൾ എത്തിച്ചിരുന്നു. 50 ബസുകളാണ് ഓർഡർ ചെയ്തതെങ്കിലും 25 ബസുകളാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഓഗസ്റ്റ് പകുതിയോടെ ബാക്കി ബസുകൾ എത്തും. ദില്ലിയിലെ  പിഎംഐ ഇലക്‌ട്രോ മൊബിലിറ്റി സൊല്യൂഷനാണ്‌ ബസുകൾ നിർമിച്ച് നൽകുന്നത്.

Follow Us:
Download App:
  • android
  • ios