കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് അന്‍വറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും കെഎസ്‍യു പരാതി നൽകി.  

കോഴിക്കോട്: വിദേശത്ത് നിന്നെത്തിയ പി വി അന്‍വര്‍ ക്വാറന്‍റീന്‍ നിബന്ധന ലംഘിച്ചെന്ന് കെഎസ്‍യുവിന്‍റെ പരാതി. കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ അന്‍വറിനെ സ്വീകരിക്കാന്‍ വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നെന്നും ക്വാറന്‍റീനില്‍ പോകാതെ എംഎല്‍എ ജനമധ്യത്തിലേക്ക് ഇറങ്ങിയെന്നുമാണ് കെഎസ്‍യുവിന്‍റെ പരാതി. കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് അന്‍വറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും കെഎസ്‍യു പരാതി നൽകി. 

ബിസിനസ് ആവശ്യങ്ങൾക്കായി ആഫ്രിക്കയിൽ ആയിരുന്ന അന്‍വര്‍ ഇന്നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. അന്‍വറിന്‍റെ അസാന്നിധ്യം നിലമ്പൂരിൽ കോൺഗ്രസ് അടക്കം നേരത്തെ വലിയ ചര്‍ച്ചയാക്കിയിരുന്നു. എംഎൽഎയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിലും ഇക്കാര്യം ച‍ര്‍ച്ചയായി. ഇതോടെ താൻ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കൻ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നും വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.