Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം; രണ്ട് പേർക്ക് പരിക്ക്

സംഭവത്തിൽ കെഎസ്‍യു പ്രവർത്തകരായ നിഖിൽ, അർജുൻ ബാബു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ksu sfi conflict in Thiruvananthapuram law college
Author
Thiruvananthapuram, First Published Aug 27, 2019, 4:27 PM IST

തിരുവനന്തപുരം: ​ഗവൺമെന്റ് ലോ കോളേജിൽ ഇന്ന് രാവിലെയുണ്ടായ എസ്എഫ്ഐ- കെഎസ്‍യു സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു എസ്എഫ്ഐ പ്രവർത്തകനുമാണ് പരിക്കേറ്റത്. ഇരുവരേയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഇരുവരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്നും കോളേജിൽ സംഘർഷമുണ്ടായത്. ഇന്നലെ വൈകുന്നേരം ഒന്നാം വർഷ വിദ്യാർഥിയായ അബാദ് മുഹമ്മദിനെ രണ്ട് കെഎസ്‍യു പ്രവർത്തകർ തടഞ്ഞുനിർത്തി സംസാരിച്ചിരുന്നു. ഇതിൽ എസ്എഫ്ഐ പ്രവർത്തകർ ഇടപെടുകയും വിദ്യാർത്ഥിയെ റാ​ഗിങ് ചെയ്തതായി ആരോപിക്കുകയും ചെയ്തു. തുടർന്ന് ഇരുവിഭാ​ഗങ്ങളും തമ്മിൽ തർക്കമുണ്ടായി.

ഇതിനെത്തുടർന്ന് ഇന്ന് രാവിലെ ഡിപ്പാർട്ട്മെൻ്റ് യോ​ഗം നടക്കുന്നതിനിടെ കെഎസ്‍യു പ്രവർത്തകരെത്തി എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കെഎസ്‍യു പ്രവർത്തകരായ നിഖിൽ, അർജുൻ ബാബു എന്നിവരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോക്കി സ്റ്റിക്ക് വച്ചാണ് ജിഷ്ണുവിനെ അർജുൻ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിണ്ട്.

പൊലീസ് കോളേജിൽ നടത്തിയ പരിശോധനയിൽ ക്യാമ്പസിനകത്ത് നിർത്തിയിട്ട നിലയിൽ മാരുതി ആൾട്ടോ കാർ കണ്ടെത്തി. കാറിനുള്ളിൽ നിന്ന് ഹോക്കി സ്റ്റിക്കുകയും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. കാറുൾപ്പടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കോളേജിൽ സംഘർഷം നടക്കുന്ന വിവരം പ്രിൻസിപ്പളോ മറ്റ് അധ്യാപകരോ വിളിച്ചറിയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ക്യാമ്പസിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തതത്. 

അതേസമയം, ​റാ​ഗിങ്ങുമായി ബന്ധപ്പെട്ട പരാതി ഇന്ന് രാവിലെ മാത്രമാണ് ലഭിച്ചതെന്ന് കോളേജ് പ്രിൻസിപ്പൾ ബിജുകുമാർ പറഞ്ഞു. എന്നാൽ, കോളേജിൽ നടന്നത് എസ്എഫ്ഐ- കെഎസ്‍യു സംഘർഷമാണെന്ന് വിലയിരുത്താൻ പ്രിൻസിപ്പൾ തയ്യാറായില്ല. സംഘർഷവുമായി ബന്ധപ്പെട്ട് വൻ പൊലീസ് സന്നാഹമാണ് കോളേജിൽ ഒരുക്കിയിരിക്കുന്നത്.കോളേജിനുള്ളിൽ നിന്ന് ഹോസ്റ്റലിലെ വിദ്യാർഥികളെ ഒഴികെ ബാക്കി എല്ലാവരെയും പുറത്തിറക്കാനുള്ള പൊലീസിന്റെ ശ്രമം തുടരുകയാണ്. 
 

Follow Us:
Download App:
  • android
  • ios