കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ പടയൊരുക്കവുമായി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍. ദേശീയ നേതാവ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്‍യു കൊല്ലം ജില്ലാ പ്രസിഡന്‍റ് അൻവര്‍ സുൽഫിക്കര്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു
കൊല്ലം: കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ പടയൊരുക്കവുമായി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍. ദേശീയ നേതാവ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്‍യു കൊല്ലം ജില്ലാ പ്രസിഡന്‍റ് അൻവര്‍ സുൽഫിക്കര്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. ഇതിനുപിന്നാലെ കൊടിക്കുന്നലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജും രംഗത്തെത്തി. കൊട്ടാരക്കര നഗരസഭയിലേക് കൊടിക്കുന്നിലിന്‍റെ വിജയം എന്ന് പരിഹസിച്ചുകൊണ്ടാണ് അജു ജോര്‍ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം, തനിക്കെതിരെ പോസ്റ്റിട്ട അൻവര്‍ സുൽഫിക്കറിനെതിരെ നടപടിയെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പുക്കാരെ ഇല്ലാതാക്കുകയാണെന്നും സിപിഎമ്മിനെ സുഖിപ്പിച്ച് ലോക്സഭയിലും ജയിക്കുമെന്നും നിയമസഭയും പഞ്ചായത്തും സിപിഎമ്മിന് വിൽക്കുമെന്നും അൻവര്‍ സുൽഫിക്കര്‍ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ജനങ്ങള്‍ക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും അദ്ദേഹത്തിന്‍റെ ശിങ്കിടികളും ചേര്‍ന്നാണ് കൊട്ടാരക്കരയിൽ തിരിച്ചടി നൽകിയതെന്നും അൻവര്‍ വിമര്‍ശിക്കുന്നു. മാവേലിക്കരയിൽ താൻ അല്ലാതെ ആരും വേണ്ടെന്ന മനോഭാവമാണെന്നും നേതൃത്വം കണ്ണു തുറക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അൻവര്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര നഗരസഭ എൽഡിഎഫ് നിലനിർത്തിയിരുന്നു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായിട്ടും കൊട്ടാരക്കരയിൽ നേട്ടമുണ്ടാക്കാൻ കഴിയാത്തത് കൊടിക്കുന്നിൽ സുരേഷിന്‍റെ നിലപാടാണെന്ന വിമര്‍ശനമാണ് യുവ നേതാക്കള്‍ ഉന്നയിക്കുന്നത്. എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നതെന്നും കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുകയാണെന്നും പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടുത്തം വിടണം എന്നും അജു ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, കൊട്ടാരക്കരയിൽ മുന്നേറ്റമുണ്ടാകാതിരിക്കാൻ താൻ ഇടപെട്ടെന്ന് ആരോപണം തെറ്റാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലും തന്നെ തോൽപ്പിക്കാൻ ശ്രമിച്ചു. കോണ്‍ഗ്രസിന് ഒറ്റക്ക് ജയിച്ചു കയറാവുന്ന ഒരു സ്ഥലമല്ല കൊട്ടാരക്കര. തനിക്കെതിരായ പരാമര്‍ശം ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്നും ആരുടെ പ്രേരണയിലാണെന്നും പാര്‍ട്ടി പരിശോധിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ച അതേ നേതാവാണ് അൻവര്‍ സുൽഫിക്കര്‍. തന്നെ പോലെ മുതിര്‍ന്ന നേതാവിനെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചത് ശരിയാണോയെന്ന് പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ശോഭ കെടുത്താനുള്ള നീക്കമാണിതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.അതേസമയം, ഇത്തരം പരാമര്‍ശങ്ങള്‍ ഗൗരവതരമാണെന്നും വെച്ചുപൊറുപ്പിക്കില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. ശക്തമായ നടപടിയുണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കൊട്ടാരക്കര നഗരസഭയിൽ എൽഡിഎഫ് ഭരണ തുടർച്ച ഉറപ്പാക്കിയപ്പോൾ യുഡിഎഫ് ഏഴു സീറ്റിൽ ഒതുങ്ങിയിരുന്നു.



