ജില്ലാ പ്രസിഡന്‍റ് ജവാദിനെയും ജനറൽ സെക്രട്ടറി അൻസാരിയെയും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ സാധ്യതയുണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. 

കാസർകോട്: കാസർകോട് കെഎസ്‍യു-യൂത്ത് കോൺഗ്രസ്‌ നേതാക്കളെ കരുതൽ തടങ്കലിലെടുത്ത് പൊലീസ്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ സാധ്യതയുണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്‍യു-യൂത്ത് കോൺഗ്രസ്‌ നേതാക്കളെ കരുതൽ തടങ്കലിലെടുത്തത്. കെഎസ്‍യു കാസർകോട് ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂർ, ജില്ലാ ജനറൽ സെക്രട്ടറി അൻസാരി കോട്ടക്കുന്ന് എന്നിവരെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് കരുതൽ തടങ്കലിൽ എടുത്തത്. ചെർക്കളയിൽ നിന്നാണ് ഇവരെ കരുതൽ തടങ്കലിൽ എടുത്തത്. 

യൂത്ത് കോൺഗ്രസ്‌ കാസർക്കോട് ജില്ലാ സെക്രട്ടറിമാരായ മാർട്ടിൻ ബളാൽ, രതീഷ് രാഘവൻ, ഷിബിൻ, വിനോദ് കള്ളാർ എന്നിവരെ കാഞ്ഞങ്ങാട് മാവുങ്കാലിൽ നിന്നാണ് പൊലീസ് കരുതലിൽ എടുത്തത്. യൂത്ത് കോൺഗ്രസ് ഉദൂമ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ശ്രീജിത്ത്, സെക്രട്ടറിമാരായ സുധീഷ്, സുശാന്ത്, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ ആർ കാർത്തികേയൻ, ജില്ലാ ജനറൽ സെക്രട്ടറി ദീപു കല്ല്യോട്ട് വൈസ് പ്രസിഡന്റ്‌ രാജേഷ് തമ്പാൻ എന്നിവരും കരുതൽ തടങ്കലിലാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.