ആർഎസ്എസ് ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അതിനർത്ഥം ഹിന്ദുക്കൾ ചെയ്യരുത് എന്നാണോ എന്ന് കെ.ടി. ജലീൽ മുസ്ലിം ലീഗിനോട് ചോദിക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം സമൂഹമായി ചിത്രീകരിക്കുന്ന ലീഗ് നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ എംഎൽഎ കെ.ടി. ജലീൽ രംഗത്ത്. ആർ.എസ്.എസ് ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അതിനർത്ഥം ആഭ്യന്തരം ഹിന്ദു കൈകാര്യം ചെയ്യരുത് എന്നാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ എന്താകും ലീഗിൻ്റെ പ്രതികരണമെന്ന് ജലീൽ ചോദിച്ചു. ജമാഅത്തെ ഇസ്ലാമി സമം മുസ്ലിം എന്ന ആഖ്യാനം ജമാഅത്തെ ഇസ്ലാമിക്കാർ പറഞ്ഞു നടക്കുന്നത് മനസ്സിലാക്കാം. ലീഗ് അത് പ്രചരിപ്പിക്കുന്നത് എത്രമാത്രം അപകടകരമാണ്. കേരള മുസ്ലിം സമൂഹത്തിൻ്റെ രണ്ട് ശതമാനം പോലും പ്രാതിനിധ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. സ്വന്തം പത്രവും ചാനലും കാട്ടിയാണ് അവർ ‘പോക്കാച്ചിത്തവള ചമയുന്നതെന്ന് ജലീൽ കുറിപ്പിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കാരൻ എന്നു പറഞ്ഞാൽ അതിൻ്റെ പച്ചമലയാളത്തിലുള്ള അർത്ഥം, അയാൾ സുന്നി മുസ്ലിമോ, മുജാഹിദ് മുസ്ലിമോ, തബ്ലീഗ് ജമാഅത്തുകാരനായ മുസ്ലിമോ അല്ല എന്നാണ്. സുന്നികളെയും മുജാഹിദുകളെയും തബ്ലീഗുകാരെയും ജമാഅത്തെ ഇസ്ലാമിക്ക് പതിച്ചു കൊടുക്കാൻ ലീഗ് ശ്രമിക്കരുത്. ലീഗിൻ്റെ ’പാൻമുസ്ലിം' ചിന്ത സുന്നി-മുജാഹിദ് പ്രസ്ഥാനങ്ങളെ തകർക്കാൻ ലക്ഷ്യം വെച്ച് ജമാഅത്തെ ഇസ്ലാമി മെനഞ്ഞതാണെന്നും അത് ലീഗ് ഏറ്റെടുക്കരുതെന്നും ജലീൽ വ്യക്തമാക്കി.
