തിരുവനന്തപുരം: കൊവിഡ്- സ്പ്രിംക്ള‍ര്‍ വിവാദങ്ങളില്‍ വി ടി ബല്‍റാമിന് മറുപടിയുമായി കെ യു ജെനീഷ് കുമാര്‍ എംഎല്‍എ. 'ഒരുപാട് പേര്‍ ഉറക്കമൊഴിച്ചും പണിയെടുത്തും നമ്മളൊരു അടിയന്തിരാവസ്ഥയെ അതിജീവിക്കുകയാണെന്ന് ബല്‍റാം മനസിലാക്കണം' എന്ന് ജെനീഷ് കുമാ‍ര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ യു ജെനീഷ് കുമാറിന്‍റെ എഫ്‍ബി പോസ്റ്റ്

ബഹുമാനപ്പെട്ട വി‌ ടി ബലറാം എംഎൽഎ ഫേസ്‍ബുക്കിൽ അക്ഷീണം കൊറോണയെ പ്രതിരോധിക്കുന്നവരെ പ്രതിരോധിക്കുന്ന സ്തുത്യർഹമായ കർത്തവ്യത്തിലാണ് കഴിഞ്ഞ ഒന്നൊന്നര മാസമായിട്ടുള്ളത്. അദ്ദേഹം ഇന്ന് ഫേസ്‍ബുക്ക് പോസ്റ്റിൽ കൊറോണക്കാലത്ത് ആ മഹാമാരിയെ മുന്നിൽ നിന്ന് നേരിട്ടവരുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു എന്ന എന്റെ നിയമസഭാ പ്രസംഗത്തിലെ പരാമർശത്തെയും പരിഹാസപൂർവ്വം ഉപയോഗിച്ചതായി കാണുകയും ചെയ്തു.

സത്യത്തിൽ ഒരത്ഭുതവും തോന്നിയില്ല എന്നത് ഞാനറിയിക്കട്ടെ. ഇന്നലെയുണ്ടായ അദ്ദേഹത്തിന്റെ കമന്റ് പ്രകാരം ബലറാം കേരളത്തിൽ ഹെൽത്ത് എമർജൻസി പോലും ഉണ്ടായതറിഞ്ഞിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. കുറ്റം പറയാനാവില്ല, ഇടതടവില്ലാതെ ഡാറ്റ ലഭിക്കുകയും, ഓൺലൈനിൽ പതിവിലും കൂടുതൽ ആൾക്കാരിരിക്കുകയും ഫേസ്ബുക്ക് സാധാരണഗതിയിൽ പ്രവർത്തനം നൽകുകയും ചെയ്യുന്ന സ്ഥിതിക്ക് അദ്ദേഹത്തിന്‌ സ്വഭാവിക ജീവിതത്തിലെന്തെങ്കിലും മാറ്റം വന്നതോ നാട്ടുകാർ ലോക്ക്ഡൗണിലിരിക്കുന്ന കാര്യമോ അറിഞ്ഞിരിക്കാൻ വഴിയില്ല.

എങ്ങനായാലും ഒരുപാട് പേര് ഉറക്കമൊഴിച്ചും പണിയെടുത്തും നമ്മളങ്ങനൊരു അടിയന്തിരാവസ്ഥയെ അതിജീവിക്കുകയാണെന്ന് ബലറാം മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മറ്റൊന്ന്, ബലറാം ഫേസ്ബുക്കിലെ മുടിചൂടാമന്നനാണെന്നാണ് ഞാൻ അറിഞ്ഞത്. അതിന്റെ ചില ഉദാഹരണങ്ങൾ മാലോകർ പറഞ്ഞിതിങ്ങനെയാണ്.

വിക്കറ്റെണ്ണലായിരുന്നു ഒരു കാലത്ത് ഹോബി, ആട്ടിൻപറ്റം പോലെ സ്വന്തം ടീമിലെ കളിക്കാർ കുറ്റിക്കടിച്ച് മറ്റേ കൂടാരത്തിലേക്ക് കേറാൻ തുടങ്ങീപ്പോ വിക്കറ്റെണ്ണൽ നിർത്തി.

വംഗനാട്ടിലെ ഭരണാധികാരി ദീദിയെ നോക്കിപ്പഠിക്കാടാ എന്ന് ഗീർവാണമായിരുന്നു പിന്നെ പണി, അതേ ദീദി ഫാസിസ്റ്റുകൾക്ക് വിരുന്നൊരുക്കലും അവർക്ക് കലാപത്തിൽ ക്ലീൻ ചിറ്റ് കൊടുക്കലുമായപ്പോ അത് നിന്നു.

ബീഫ് നിരോധം വന്നപ്പോ 'കാളേടെ മോനേ' എന്നൊക്കെ പോസ്റ്റിട്ടയാളാണ്. സ്വന്തം പാർട്ടിക്കാരാണ് ഇന്ത്യ മൊത്തം പശുരാഷ്ട്രീയം കൊണ്ടുവന്നതെന്ന് ആരോ കമന്റിട്ടതോടെ അതും തീർന്നു.

പുരോഗമനമെന്നൊക്കെ പറഞ്ഞാ ഫേസ്ബുക്ക് വാളിൽ വല്ലാത്ത പുരോഗമനായിരുന്നു. ഇലക്ഷന് കുടുംബയോഗങ്ങളിൽ പോയി പച്ചക്ക് വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന വീഡിയോ വന്നപ്പോ അതങ്ങഴിഞ്ഞ് വീണു.

പൗരത്വ ബില്ലിൽ ഇടതുപക്ഷത്തിന് ഉപദേശം കൊണ്ടയ്യര് കളിയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട് ചോദിച്ചാൽ മൗനിബാബയാണ്.

അവസാനം ബാബരി വിധിയെ അനുകൂലിച്ച് സംസാരിച്ചതാണ്. ജഡ്ജിനെ ബി ജെ പി രാജ്യസഭക്ക് അയച്ചെന്നറിഞ്ഞപ്പോയാണ് ബോധം വീണതെന്നാണറിഞ്ഞത്.

അതേസമയം, ആരോഗ്യ അടിയന്തിരാവസ്ഥയെ കുറിച്ച് പ്രചരിക്കുന്ന പ്രതികരണത്തില്‍ വി ടി ബല്‍റാം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.