കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടി ഈ മാസത്തോടെ രാജിവച്ചേക്കില്ല. പല തലങ്ങളിൽ നിന്ന് ഉയർന്ന എതിർപ്പുകളും എതിരഭിപ്രായങ്ങളും കണക്കിലെടുത്ത് കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം വൈകിപ്പിക്കാൻ ലീഗ് നേതൃത്വം ആലോചിക്കുന്നുവെന്ന് കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. മലപ്പുറത്ത് ഇക്കാര്യം ആലോചിക്കാൻ പാണക്കാട് തങ്ങളുടെ വസതിയിൽ നാളെ ലീഗ് നേതൃയോഗം ചേർന്നേക്കും എന്ന സൂചനകളുമുണ്ട്. 

ജനുവരി ആദ്യവാരം രാജിവയ്ക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആദ്യതീരുമാനം. ലീഗ് ഉന്നതാധികാരസമിതിയോഗത്തിൽ രണ്ട് ദിവസം ചർച്ച ചെയ്ത ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. അതിന് ശേഷം കോഴിക്കോട്ട് ചേർന്ന ദേശീയസമിതിയോഗവും കുഞ്ഞാലിക്കുട്ടിയുടെ രാജിക്ക് അംഗീകാരം നൽകി.  

നിയമസഭാതെരഞ്ഞെടുപ്പടുക്കുമ്പോൾ രാജി വെച്ചാൽ വിവാദമുണ്ടാകും. ഉപതെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പിനൊപ്പം നടത്തണം. ഈ രണ്ട് കാര്യങ്ങൾ മനസ്സിൽ കണ്ടാണ് രാജി തീരുമാനം കുഞ്ഞാലിക്കുട്ടിയും ലീഗും ഇപ്പോൾ തന്നെ പ്രഖ്യാപിച്ചത്. നിയമസഭാതെരഞ്ഞെടുപ്പിൽ ലീഗിനെ കുഞ്ഞാലിക്കുട്ടി നയിക്കും. ഉപതെരഞ്ഞെടുപ്പിൽ മലപ്പുറത്തേക്ക് യുവനേതാക്കളെ പരിഗണിക്കും. യുഡിഎഫിൽ നിലവിലുള്ള കുഴപ്പങ്ങൾ പരിഹരിക്കാനും കുഞ്ഞാലിക്കുട്ടി പ്രധാനപങ്ക് വഹിക്കും. യുഡിഎഫ് ഘടകക്ഷികൾക്കിടയിലെ സ്വീകാര്യതയും സ്വാധീനവും പരിഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതെന്നാണ് ലീഗിന്‍റെ വിശദീകരണം. 2019-ൽ കേന്ദ്രമന്ത്രിപദം പ്രതീക്ഷിച്ചാണ്  കുഞ്ഞാലിക്കുട്ടി പാർലമെന്‍റിലേക്ക് മൽസരിച്ചത്. എന്നാൽ യുപിഎയുടെ തകർച്ച തിരിച്ചടിയായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് പാർട്ടി നൽകിയതോടെ അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് വ്യക്തമായിരുന്നു. 

Read more at: തെരഞ്ഞെടുപ്പിന് ഒരുങ്ങി ലീഗ്, മലപ്പുറത്ത് പ്രചാരണത്തിന് നേരത്തേ തുടക്കം

എന്നാൽ, കുഞ്ഞാലിക്കുട്ടി മടങ്ങിവരവ് പ്രഖ്യാപിച്ചതോടെ വിവാദങ്ങളും തലപൊക്കി. കോൺഗ്രസിനകത്ത് തന്നെ ഇതിനെതിരെ എതിരഭിപ്രായങ്ങൾ ഉയർന്നു. പാർലമെന്‍റിൽ കോൺഗ്രസ് എംപിമാരെ കുറയ്ക്കേണ്ടതില്ലെന്നും, അതിനാൽ ഒരു സിറ്റിംഗ് എംപിയും രാജിവച്ച് മത്സരിക്കേണ്ടെന്നും ഹൈക്കമാന്‍റ് തീരുമാനിച്ചു. അധികാരക്കൊതി കാരണമുള്ള തിരിച്ചുവരവാണ് കുഞ്ഞാലിക്കുട്ടിയുടേത് എന്ന മുറുമുറുപ്പും മുന്നണിയിലുണ്ട്. ഖജനാവിലെ പണം ചെലവിട്ട് ഉപതെരഞ്ഞടുപ്പ് നടത്തേണ്ടി വരുന്നതാണ് വിമർശനത്തിന് മറ്റൊരു കാരണം. 

പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ രാജി തീരുമാനം പുനപരിശോധിക്കണമെന്ന് മുസ്ലീം ലീ​ഗ് അധ്യക്ഷൻ ഹൈദരാലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ മുഈൻ അലി തങ്ങൾ അടക്കം അഭിപ്രായപ്പെട്ടതും തിരിച്ചടിയായി. പാർട്ടിയിൽത്തന്നെ ഇത്തരത്തിൽ രണ്ടഭിപ്രായം ഉയർന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം വൈകിപ്പിക്കുന്നത്. എങ്കിലും നിലവിൽ രാജിതീരുമാനം കുഞ്ഞാലിക്കുട്ടി ഉപേക്ഷിച്ചെന്ന് പറയാനാകില്ല. എങ്ങനെയാണ് നിലവിൽ മുന്നണിയിലെയും പാർട്ടിയിലെയും എതിർപ്പുകളെ കുഞ്ഞാലിക്കുട്ടി നേരിടുക എന്നതിന് അനുസരിച്ചിരിക്കും തുടർനീക്കങ്ങൾ.