എറണാകുളം ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന കുന്നത്തുനാട് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ..പി.വി ശ്രീനിജന്‍ vs ട്വന്‍റി 20..യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന..

കേരള രാഷ്ട്രീയത്തിൽ എറണാകുളം ജില്ലയ്ക്ക് എന്നും ഒരു പ്രത്യേകതയുണ്ട്. യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും അപ്രതീക്ഷിത അട്ടിമറികൾക്ക് ഈ മണ്ണ് സാക്ഷ്യം വഹിക്കാറുണ്ട്. എന്നാൽ ഇത്തവണ കേരളം മുഴുവൻ ഉറ്റുനോക്കുന്നത് എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിലേക്കാണ്. സിറ്റിംഗ് എംഎൽഎ പി.വി. ശ്രീനിജനും കിഴക്കമ്പലത്തിന്റെ സ്വന്തം ട്വന്റി 20യും തമ്മിലുള്ള പോരാട്ടം വെറുമൊരു രാഷ്ട്രീയ മത്സരം എന്നതിലുപരി വ്യക്തിപരമായ വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും പോരാട്ടമായി മാറിയിരിക്കുന്നു.

കുന്നത്തുനാട്: ചരിത്രം തിരുത്തിയ 2021

സംവരണ മണ്ഡലമായ കുന്നത്തുനാടിന് പതിറ്റാണ്ടുകളായി യുഡിഎഫിനെ തുണച്ച ചരിത്രമാണുള്ളത്. എന്നാൽ 2021-ൽ പിണറായി തരംഗത്തിനൊപ്പം ട്വന്റി 20 എന്ന രാഷ്ട്രീയ പരീക്ഷണത്തിന്റെ മാസ് എൻട്രിയാണ് മണ്ഡലത്തിന്റെ ജാതകം മാറ്റിയത്. അന്ന് ഡോ. സുജിത്ത് രവീന്ദ്രനിലൂടെ ട്വന്റി 20 പിടിച്ചെടുത്തത് 41,000-ൽ പരം വോട്ടുകളാണ്. ബിജെപിയുടെയും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ട് ബാങ്കുകളിൽ ഒരുപോലെ വിള്ളൽ വീഴ്ത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ ഈ മുന്നേറ്റം.

2016-ൽ വി.പി. സജീന്ദ്രൻ 65,000 വോട്ടുകൾ നേടി വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എൽഡിഎഫിന് 61,000 വോട്ടുകളുണ്ടായിരുന്നു. എന്നാൽ 2021-ൽ ചിത്രം മാറി. എൽഡിഎഫിന് 14,000 വോട്ടും യുഡിഎഫിന് 14,000 വോട്ടും കുറഞ്ഞു. ബിജെപിക്ക് 9,000 വോട്ടുകൾ നഷ്ടമായി. ഈ വോട്ടുകളെല്ലാം ഒഴുകിയെത്തിയത് ട്വന്റി 20യുടെ പോക്കറ്റിലേക്കായിരുന്നു. 2,700 വോട്ടുകൾക്ക് പി.വി. ശ്രീനിജൻ മണ്ഡലം എൽഡിഎഫിനായി പിടിച്ചെടുത്തു.

തദ്ദേശ കണക്കിലെ ആശങ്കകൾ

2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മഴുവന്നൂർ, കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിൽ ട്വന്റി 20 ഉജ്ജ്വല വിജയം നേടിയിരുന്നു. എന്നാൽ 2025-ലേക്ക് എത്തുമ്പോൾ ആ ആധിപത്യത്തിന് ഇളക്കം തട്ടിയിട്ടുണ്ട്. കയ്യിലിരുന്ന കുന്നത്തുനാടും മഴുവന്നൂരും അവർക്ക് നഷ്ടമായി. പകരം പുത്തൻകുരിശും തിരുവാണിയൂരും പിടിച്ചെടുത്തെങ്കിലും യുഡിഎഫ് മൂന്ന് പഞ്ചായത്തുകളിൽ കരുത്ത് തെളിയിച്ചു. എൽഡിഎഫിനെ സംബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒട്ടും ശുഭസൂചകമല്ല, വെറും ഒരു പഞ്ചായത്തിൽ മാത്രമാണ് അവർക്ക് സ്വാധീനം നിലനിർത്താനായത്.

സാബു ജേക്കബിന്റെ 'കൂടുമാറ്റം' നിർണ്ണായകമാകുമ്പോൾ

ട്വന്റി 20 ഇത്തവണ ഒറ്റയ്ക്കല്ല മത്സരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ മാറ്റം. സാബു ജേക്കബ് തന്റെ പാർട്ടിയെ എൻഡിഎ മുന്നണിയുടെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. ഈ നീക്കം മണ്ഡലത്തിലെ 50,000-ത്തോളം വരുന്ന മുസ്ലിം വോട്ടുകളിൽ വലിയ സ്വാധീനം ചെലുത്തും. മുൻപ് സാബു ജേക്കബിനെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ കൂട്ടത്തോടെ യുഡിഎഫിലേക്ക് പോകാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ബിജെപിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ച് ട്വന്റി 20യിലെ പല മുസ്ലിം നേതാക്കളും ഇതിനോടകം രാജിവെച്ചതും തിരിച്ചടിയാണ്.

യാക്കോബായ സഭയുടെ നിലപാടും 'ദില്ലി' നീക്കങ്ങളും

മണ്ഡലത്തിലെ നിർണ്ണായക ശക്തിയായ യാക്കോബായ സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് കുന്നത്തുനാട്ടിലാണ്. പരമ്പരാഗതമായി എൽഡിഎഫിനോട് ആഭിമുഖ്യം പുലർത്തുന്ന സഭയിൽ വിള്ളൽ വീഴ്ത്താൻ സാബു ജേക്കബ് പുതിയ തന്ത്രം മെനയുകയാണ്. പാത്രിയാർക്കീസ് ബാവായെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ സൗകര്യമൊരുക്കുന്നതിലൂടെ സഭാ തർക്കത്തിൽ ഒരു പുതിയ സെറ്റിൽമെന്റ് കൊണ്ടുവരാമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇത് യാക്കോബായ വോട്ടുകളെ സ്വാധീനിച്ചാൽ ശ്രീനിജന്റെ വോട്ട് ബാങ്കിൽ വലിയ വിള്ളൽ വീഴും. എന്നാൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഫലം സൂചിപ്പിക്കുന്നത് സഭയുടെ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെടുന്നു എന്നാണ്.

ശ്രീനിജൻ vs സജീന്ദ്രൻ vs ബാബു ദിവാകരൻ

സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ പി.വി. ശ്രീനിജൻ നേരിടുന്ന പ്രധാന വെല്ലുവിളി ഭരണവിരുദ്ധ വികാരമാണ്. വികസന പ്രവർത്തനങ്ങളേക്കാൾ കൂടുതൽ ട്വന്റി 20യുമായുള്ള നിയമപ്പോരാട്ടങ്ങൾക്കാണ് അദ്ദേഹം സമയം ചെലവഴിച്ചതെന്ന വിമർശനം ശക്തമാണ്. ട്വന്റി 20യുടെ പ്രഖ്യാപിത ശത്രുവായി ശ്രീനിജൻ മാറിയത് മത്സരത്തെ വ്യക്തിപരമാക്കിയിട്ടുണ്ട്. മറുഭാഗത്ത്, തോറ്റ എംഎൽഎ എന്ന ലേബലിലല്ല, മറിച്ച് മണ്ഡലത്തിൽ സജീവമായി നിൽക്കുന്ന നേതാവ് എന്ന നിലയിലാണ് വി.പി. സജീന്ദ്രൻ പ്രവർത്തിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം സജീന്ദ്രൻ മണ്ഡലം വിട്ടുപോയിട്ടില്ല. താഴേത്തട്ടിലുള്ള പ്രവർത്തകരുമായുള്ള ബന്ധം സജീന്ദ്രന് വലിയ മുൻതൂക്കം നൽകുന്നു. എൻഡിഎ സ്ഥാനാർത്ഥിയായി എത്തുന്ന ബാബു ദിവാകരൻ പത്തനംതിട്ടക്കരനാണെന്ന ആക്ഷേപം ട്വന്റി 20 പ്രവർത്തകർക്കിടയിലുണ്ട്.

കുന്നത്തുനാട് തിരിച്ചുപിടിച്ച് എറണാകുളത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ യുഡിഎഫിന് കഴിയുമോ? അതോ സാബു ജേക്കബിന്റെ പുതിയ പരീക്ഷണം അട്ടിമറികൾക്ക് വഴിമരുന്നിടുമോ? കേരളം ഉറ്റുനോക്കുകയാണ്.