കുട്ടനാട് സീറ്റിൽ ബിഡിജെഎസ് സ്ഥാനാർഥി വേണോ, പൊതുസമ്മതനായ ആൾ വേണോ എന്ന കാര്യത്തിലായിരുന്നു ചര്‍ച്ച 

കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലാണ് ഇരുവരും തമ്മിൽ ചര്‍ച്ച നടത്തിയത്. കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യകൂടിക്കാഴ്ച എന്ന പ്രത്യേകതയും ഉണ്ടായിരുന്നു, 

കുട്ടനാട് സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ചത് സുഭാഷ് വാസുവാണ്. ബിഡിജെഎസ് എസ്എൻഡിപി നേതൃത്വങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി സുഭാഷ് വാസു മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇത്തവണ ഉപതെരഞ്ഞെടുപ്പ് വരുന്നതെന്ന പ്രത്യേകതയും ഉണ്ട്. വിമത നീക്കത്തിനിടെ പാര്‍ട്ടിയിൽ നിന്ന് പുറത്ത് പോയ സുഭാഷ് വാസു തന്നെ കുട്ടനാട്ടിൽ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹവും നിലവിലുണ്ട്. ഈ സാഹചര്യങ്ങൾക്കിടെയായിരുന്നു കൂടിക്കാഴ്ച. 

കുട്ടനാട് സീറ്റിൽ ബിഡിജെഎസ് സ്ഥാനാർഥി വേണോ, പൊതുസമ്മതനായ ആൾ വേണോ എന്ന കാര്യത്തിലായിരുന്നു പ്രാഥമിക ചര്‍ച്ചയെന്നാണ് വിവരം. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി കുട്ടനാട്ടിൽ എൻഡിഎക്ക് വേണ്ടി മത്സരിക്കുമെന്നാണ് ചര്‍ച്ചക്ക് ശേഷം നേതാക്കളുടെ പ്രതികരണം. 

തുടര്‍ന്ന് വായിക്കാം:കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; ബിഡിജെഎസ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് സുഭാഷ് വാസു...