Asianet News MalayalamAsianet News Malayalam

കുവൈത്ത് ദുരന്തം; നാല് മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി, ആദരാഞ്ജലികളര്‍പ്പിച്ച് ആയിരങ്ങള്‍

കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരി, പായിപ്പാട് സ്വദേശി ഷിബു വർഗീസ്, തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി. ഉമ്മൻ, മുംബൈ മലയാളി ഡെന്നി ബേബി കരുണാകരന്‍ എന്നിവരുടെ സംസ്കാരമാണ് ഇന്ന് നടന്നത്.

Kuwait fire accident latest updates Tribute to four more Malayalis Funeral rites
Author
First Published Jun 16, 2024, 9:26 PM IST

കോട്ടയം/പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളിള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു. മുബൈയില്‍ സ്ഥിരതാമസമാക്കിയ കരുനാഗപ്പള്ളി സ്വദേശി ഡെന്നി കരുണാകരന്‍റെ സംസ്കാരവും ഇന്ന് നടന്നു.

കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ സംസ്കാരം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുവളപ്പില്‍ നടന്നു. തുരുത്തി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ എഴരയോടെയാണ് വീട്ടിലെത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി ആളുകളാണ് അവസാനമായി ശ്രീഹരിയെ കാണാൻ വീട്ടിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ.മാണി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, ജില്ലാ കളക്ടർ വി. വിഘ്നേശ്വരി തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാൻ എത്തി. 

കോട്ടയം പായിപ്പാട് സ്വദേശി ഷിബു വർഗീസിന്‍റെ സംസ്കാരം ഉച്ചയ്ക്കുശേഷം പായിപ്പാട് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് രാവിലെ എട്ട് മണിക്കാണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വീട്ടിലിലെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. നിരവധി പേരാണ് അന്തിമോപാചരമര്‍പ്പിക്കാൻ എത്തിയത്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം സംസ്കാര ശുശ്രൂഷകള്‍ക്കായി മൃതദേഹം പായിപ്പാട് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്റെ സംസക്കാരം നാളെ നടക്കും.


കുവൈത്ത് ദുരന്തത്തിൽ മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി. ഉമ്മന്‍റെ സംസ്കാര ചടങ്ങുകൾ സെന്‍റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വീണ ജോർജ് പുഷ്പചക്രം സമർപ്പിച്ചു. എൻ. ബി. ടി. സി. ഡയറക്ടർ കെ. ജി. അലക്സാണ്ടറുടെ ഭാര്യ ജെസി അലക്സാണ്ടർ, പത്തനംതിട്ട ജില്ല പോലീസ് മേധാവി,  സംവിധായകൻ ബ്ലെസി, ജനപ്രതിനിധികൾ തുടങ്ങി നിരവധി പേർ അന്ത്യഞ്ജലി അർപ്പിച്ചു. 


മുംബൈ മലയാളി ഡെന്നി ബേബി കരുണാകരന്‍റെ സംസ്കാരം മുബൈയിലാണ് നടന്നത്. മുംബൈ മലാട് വെസ്റ്റ് ചാർക്കോപ്പ് പള്ളിയിൽ ഒരു മണിക്കൂറോളം പൊതു ദർശനത്തിനു വെച്ചു. മുംബൈയിലെ മലയാളികൾ അവിടെയെത്തി അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം ചാർക്കോപ്പ് ക്രിസ്ത്യൻ സിമിത്തേരിയിൽ സംസ്കാരം നടന്നു. 2018 ലാണ് ഡെന്നി ബേബി കുവൈറ്റിലേക്ക് ജോലിക്കായി പോയത്. അവധിക്ക് തിരിച്ചുവരാൻ ഇരിക്കയായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് ഡെന്നിയുടെ പിതാവ്.


കുവൈത്ത് ദുരന്തത്തിൽ മരിച്ച പത്തനംതിട്ടക്കാരിൽ കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, കീഴ് വായ്പ്പൂർ സ്വദേശി സിബിൻ എബ്രഹാം എന്നിവരുടെ സംസ്കാരം നാളെ നടക്കും. നാളെ രാവിലെ എട്ടു മണി മുതൽ വീടുകളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം പള്ളിയിൽ സംസ്കാരം നടക്കും. ജില്ലയിൽ അഞ്ച് പേർക്കാണ് തീപിടുത്തത്തിൽ ജീവൻ നഷ്ടമായത്. ഇതിൽ മൂന്ന് പേരുടെ സംസ്കാരം കഴിഞ്ഞ ദിവസങ്ങളിൽ  പൂർത്തിയായിരുന്നു.

തദ്ദേശ വാര്‍ഡ് വിഭജനം; ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് വിജ്ഞാപനം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചെയര്‍മാൻ

 

Latest Videos
Follow Us:
Download App:
  • android
  • ios