തിരുവനന്തപുരം: വരുന്ന ഉപതെരഞ്ഞെടുപ്പിൽ എറണാകുളത്തടക്കം കോൺഗ്രസ് സ്ഥാനാർഥികളെ ഗ്രൂപ്പടിസ്ഥാനത്തിൽ നിശ്ചയിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് അഭിപ്രായപ്പെട്ടു. മണ്ഡലങ്ങളിലെ ജയസാധ്യത മാത്രമേ പാർട്ടി പരിഗണിക്കാവൂ. ആരൊക്കെ മൽസരിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. പാർട്ടി എൽപിച്ച ഏതു ദൗത്യവും ആത്മാർഥതയോടെ പൂർത്തിയാക്കിയ ചരിത്രമാണ് തന്‍റേതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. 

എറണാകുളത്ത് ആര് മൽസരിച്ചാലും കോൺഗ്രസ് ജയിക്കുമെന്ന് കെ വി തോമസ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുനന് കാര്യം താൻ തീരുമാനിച്ചിട്ടില്ല. എന്നാൽ പാർട്ടി പറഞ്ഞാൽ  ആലോചിക്കും. മൽസരിക്കണമെന്ന് സുഹൃത്തുക്കളടക്കം ആവശ്യപ്പെടുന്നുണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നഷ്ടപ്പെട്ടതിലല്ല, അത് ടിവിയിലൂടെ അറിയേണ്ടിവന്നതിലാണ് തന്‍റെ ദു:ഖം. മത്സരത്തില്‍ നിന്ന് മാറിനിൽക്കാമെന്ന് താൻ നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. പകരമായി പാർട്ടിയിൽ പദവി വേണമെന്ന് ആവശ്യപ്പെട്ടരുന്നെന്നും കെ വി തോമസ് പറ‌ഞ്ഞു. 

 കെപിസിസി ഭാരവാഹിത്വം സംബന്ധിച്ച വിഷയത്തിലും കെ വി തോമസ് പ്രതികരിച്ചു.കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എന്നതിനോടാണ് തനിക്കും യോജിപ്പെന്ന് അദ്ദേഹം പറഞ്ഞു.