Asianet News MalayalamAsianet News Malayalam

ജോളിയുടെ കാറിൽ നിന്ന് കിട്ടിയത് സയനൈ‍ഡ് തന്നെയെന്ന് സ്ഥിരീകരണം

ബുധനാഴ്ചയാണ് ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തത്. സൂക്ഷ്മതയോടെ കാറിന്‍റെ രഹസ്യ അറയിൽ പേഴ്സിൽ നിരവധി കവറുകൾക്കുള്ളിലായാണ് വിഷവസ്തു സൂക്ഷിച്ചിരുന്നത്.

lab confirms  Chemical cyanide from Jolly's car
Author
Koodathai, First Published Oct 25, 2019, 7:33 AM IST

കൂടത്തായി: ജോളിയുടെ കാറിന്‍റെ രഹസ്യ അറയിൽനിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി മാരക വിഷമായ പൊട്ടാസ്യം സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ ഇന്നലെ നടത്തിയ അടിയന്തിര പരിശോധനയിലാണ് സ്ഥിരീകരണം. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നായിരുന്നു അടിയന്തിര ലാബ് പരിശോധന നടത്തിയത്. 

ബുധനാഴ്ചയാണ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തത്. സൂക്ഷ്മതയോടെ കാറിന്‍റെ രഹസ്യ അറയിൽ പേഴ്സിൽ നിരവധി കവറുകൾക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. തുടർന്ന് കാറിൽ നിന്ന് കിട്ടിയ ഓരോ വസ്തുവും പൊലീസ് വിശദപരിശോധനയ്ക്ക് അയച്ചിരുന്നു. കാറിനുള്ളിലാണ് സയനൈഡ് വച്ചതെന്ന് ജോളി നേരത്തേ മൊഴി നൽകിയിരുന്നത്. 

Read More: ജോളിയുടെ കാറിൽ രഹസ്യ അറ, കിട്ടിയ വിഷവസ്തു സയനൈഡ്? കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊടുവള്ളി സി ഐ ചന്ദ്രമോഹന്‍റെ നേതൃത്വത്തിലാണ് ജോളിയുടെ കാർ കസ്റ്റഡിയിലെടുത്ത് വിശദ പരിശോധന നടത്തിയത്. ജോളി നടത്തിയ കൊലപാതകങ്ങളിൽ ഒന്ന് നടന്നത് കാറിനുള്ളിലാണ് എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. നിലവിൽ കാറിനുള്ളിൽ നിന്ന് ലഭിച്ചത് സയനൈഡ് എന്ന് സ്ഥിരീകരിച്ചത് അന്വേഷണത്തിൽ പൊലീസിന് നിർണായകമായ തെളിവാകും. 

Read More: കൂടത്തായി; സിലിയെ ആദ്യം കൊല്ലാന്‍ ശ്രമിച്ചത് ഷാജുവിന്‍റെ സഹായത്തോടെയെന്ന് ജോളി

ഷാജുവിന്റെ ഭാര്യ സിലി കുഴഞ്ഞു വീണ് മരിച്ചത് കാറിനുള്ളിലാണ്. ദന്താശുപത്രിയിലേക്ക് പോകും വഴിയാണ് സിലി കുഴഞ്ഞു വീണത്. സിലിയെ ആശുപത്രിയിലെത്തിക്കാൻ ജോളി മനഃപൂർവം വൈകിച്ചതാണെന്നും വ്യക്തമായിരുന്നു. താമരശ്ശേരിയിൽ സ്വകാര്യ ആശുപത്രിയടക്കം തൊട്ടടുത്ത് ഉണ്ടായിട്ടും വളഞ്ഞ വഴി ചുറ്റിപ്പോയി ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് നിർബന്ധം പിടിച്ചത് ജോളിയായിരുന്നു.

Follow Us:
Download App:
  • android
  • ios