കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് : മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണ നടപടികളാരംഭിച്ച് പൊലീസ്. ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പൊലീസ് അന്വേഷണ റിപ്പോർട്ടും ഡിഎംഒയ്ക്ക് കൈമാറും. മെഡിക്കൽ ബോർഡ് അടക്കം രൂപീകരിച്ച് അഭിപ്രായം തേടിയാകും തുടർനടപടികൾ സ്വീകരിക്കുക. മെഡിക്കൽ കോളേജ് എസിപിയാണ് കേസിൽ അന്വേഷണം നടത്തുന്നത്. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണിയാണ് മരിച്ചത്. ഒക്ടോബർ 5-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കമണിയുടെ ശസ്ത്രക്രിയ ഒക്ടോബർ 8-നാണ് നടന്നത്. തുടർന്ന് വാർഡിലേക്ക് മാറ്റിയ ശേഷമാണ് ഇവർക്ക് ശക്തമായ പനിയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വൻകുടലിൽ മുറിവുണ്ടായതായി കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കിടയിലാണ് ഈ മുറിവുണ്ടായതെന്നും ഇതാണ് ഇൻഫക്ഷന് കാരണമായെന്നും കുടുംബം ആരോപിക്കുന്നു. തുടർന്ന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
