കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഇയാൾ ആശുപത്രി വിട്ടു. അമീബിക് മസ്തിഷ്കജ്വരത്തിന്റെ രണ്ടാം വകഭേദമാണ് സ്ഥിരീകരിച്ചത്.
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഇയാൾ ആശുപത്രി വിട്ടു. കൊച്ചിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്കജ്വരത്തിന്റെ രണ്ടാം വകഭേദമാണ് സ്ഥിരീകരിച്ചതെന്നും ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബറിൽ 12 പേരാണ് അമീബിക്ക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗ കണക്കാണ് ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തത്.
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.
മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല.



