Asianet News MalayalamAsianet News Malayalam

Markaz Knowledge City : 'തോട്ട ഭൂമി തന്നെ', മർക്കസ് നോളജ് സിറ്റിക്കെതിരെ  ഭൂമി പാട്ടത്തിന് നൽകിയ കുടുംബം

ഈ ഭൂമി കാർഷിക ആവശ്യത്തിന് മാത്രമേ ഉപയോഗിക്കു എന്നാണ് നോളജ് സിറ്റി അധികൃതർ ലാൻഡ് ട്രിബ്യൂണലിനെ അറിയിച്ചതെന്നും കുടുംബം വ്യക്തമാക്കി

land owners family allegations against Markaz Knowledge City over building collapsed issue
Author
Kozhikode, First Published Jan 27, 2022, 1:18 PM IST

കോഴിക്കോട് : കോടഞ്ചേരിയിലെ മര്‍ക്കസ് നോളജ് സിറ്റിക്കെതിരെ  ( Markaz Knowledge City) നോളജ് സിറ്റി നിലനില്‍ക്കുന്ന ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബം. നോളജ് സിറ്റി നിൽക്കുന്നത് തോട്ടഭൂമിയിൽ തന്നെയെന്നും ഇക്കാര്യം മറച്ചുവച്ചാണ് നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെ കൊളായി കുടുംബം ആരോപിച്ചു. നിയമലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നും കുടുംബാംഗങ്ങള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കോടഞ്ചേരിയിലെ മര്‍ക്കസ് നോളജ് സിറ്റിയുടെ നിര്‍മാണം ഭൂപരിഷ്കരണ നിയമങ്ങള്‍ ലംഘിച്ചാണെന്നതിന്‍റെ തെളിവുകള്‍ പുറത്ത് വരികയും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കോടഞ്ചേരി പഞ്ചായത്ത് നടപടി തുടങ്ങുകയും ചെയ്തതിന് പിന്നാലെ ഈ നീക്കത്തിന് പിന്നില്‍  മാഫിയാ സംഘമാണെന്ന ആരോപണവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ മകനും നോളജ് സിറ്റിയുടെ പ്രധാന ചുമതലക്കാരനുമായ അബ്ദുള്‍ ഹക്കീം അസ്ഹരി രംഗത്തെത്തിയിരുന്നു. 

ഈ ആരോപണത്തിനുളള മറുപടിയായാണ് നോളജ് സിറ്റി നിലനില്‍ക്കുന്ന ഭൂമി പാട്ടത്തിന് നല്‍കിയ കൊളായി കുടുംബം കോഴിക്കോട്ട് മാധ്യമങ്ങളെ കണ്ടത്.  നിയമലംഘനത്തിന്‍റെ തെളിവുകള്‍ പുറത്തുവന്നതോടെയാണ് ഇത്തരം ദുരാരോപണങ്ങള്‍. നോളജ് സിറ്റി നിൽക്കുന്നത് തോട്ട ഭൂമിയിൽ തന്നെയും ഈ ഭൂമി കാർഷിക ആവശ്യത്തിന് മാത്രമെ ഉപയോഗിക്കു എന്നുമാണ് നോളജ് സിറ്റി അധികൃതർ ലാൻഡ് ട്രിബ്യൂണലിനെ അറിയിച്ചതും ഇവര്‍ വിശദീകരിച്ചു. നിര്‍മാണങ്ങള്‍ നടത്താന്‍ പാടില്ലാത്ത ഭൂമിയിലാണ് വലിയ തോതില്‍ നിക്ഷേപം സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. 

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 1040 ഏക്കര്‍ ഭൂമിയാണ് കോഴിക്കോട്ടെ കൊയപ്പത്തൊടി കുടുംബത്തിന് റബ്ബര്‍ കൃഷിക്കായി പാട്ടത്തിന് നല്‍കിയത്. ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നപ്പോള്‍ ഈ ഭൂമിക്ക് ഭൂപരിധിയില്‍ സര്‍ക്കാര്‍ ഇളവ് നല്ക‍കുയും ചെയ്തു. എന്നാല്‍ ഈ ഭൂമി കൊയപ്പത്തൊടി കുടുംബംമുറിച്ചു വില്‍ക്കുകയും ഗണ്യമായൊരു ഭാഗം നോളജ് സിറ്റി അധികൃതര്‍ വാങ്ങുകയുമായിരുന്നു. നിര്‍മാണ നിയന്ത്രണമുളള ഭൂമിയാണന്ന കാര്യവും  ഭൂമി സംബന്ധിച്ച നിയമപ്രശ്നങ്ങളും നോളജ് സിറ്റി അധികൃതരെ  അറിയിച്ചെങ്കിലും ഉന്നത സ്വീധനത്തിന്‍റെ തണലില്‍ നിര്‍മാണം തുടരുകയായിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട്ടെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഇക്കാര്യങ്ങള്‍ നേരില്‍ കണ്ട് അറിയിച്ചു. എന്നാല്‍ അന്നേ ദിവസം തന്നെ നോളജ് സിറ്റി സന്ദര്‍ശിച്ച കാനം നിയമലംഘനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണ് ചെയ്തതെന്നും കൊളായി കുടുംബാംഗങ്ങള്‍ ആരോപിച്ചു.

Markaz Knowledge City : മര്‍ക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം നിർമ്മിച്ചത് തോട്ടഭൂമിയിൽ, രേഖകൾ

ഇക്കഴിഞ്ഞ ദിവസം ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനത്തിനായി നിര്‍മിച്ച കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയും നിരവധി തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഘട്ടത്തിലാണ് നോളജ് സിറ്റിയിലെ നിര്‍മാണങ്ങള്‍ സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രാഥമിക പരിശോധന നടത്തിയത്. പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന നോളജ് സിറ്റിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എത്ര കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുവെന്നോ ഏതിനെല്ലാം പെര്‍മിറ്റും നമ്പറും നല്‍കിയെന്നോ പഞ്ചായത്തില്‍ വ്യക്തമായ കണക്കുണ്ടായിരുന്നില്ല. ഇതോടെ കൂടുതൽ പരിശോധനക്ക് ഒരുങ്ങുകയാണ് പഞ്ചായത്ത്. 

നോളജ് സിറ്റി; എത്ര കെട്ടിടങ്ങളെന്ന് പോലും കണക്കില്ല, വിശദമായ പരിശോധനക്ക് കോടഞ്ചേരി പഞ്ചായത്ത്

ഇതിനിടെ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലെന്നതിന്‍റെ രേഖകള്‍ പുറത്ത് വന്നു. കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റിലാണ് തോട്ടഭൂമിയാണെന്ന്  വ്യക്തമാക്കിയിട്ടുള്ളത്. കമ്പനി കെട്ടിടം നിര്‍മിക്കാനായി നല്‍കിയ അപേക്ഷയില്‍ കോടഞ്ചേരി വില്ലേജില്‍ നിന്ന് നല്‍കിയ കൈവശാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമിയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍മാണാവശ്യത്തിന് ഉപയോഗിക്കാനാവാത്ത ഭൂമിയാണിതെന്ന് രേഖകളിൽ നിന്നും വ്യക്തമാണ്. 

നോളജ് സിറ്റിയുടെ അനധികൃതനിർമാണങ്ങളിൽ റവന്യൂ വകുപ്പിന്റെ ഒളിച്ചുകളി; അന്വേഷണറിപ്പോർട്ടിൽ പരാമർശമില്ല

Follow Us:
Download App:
  • android
  • ios