തിരുവനന്തപുരം: അടിമലത്തുറയിൽ ലത്തീൻ പള്ളി ഏക്കർ കണക്കിന് ഭൂമി കയ്യേറി മൂന്ന് സെന്‍റ് പ്ലോട്ടുകളായി തിരിച്ച് വിറ്റതിൽ ജില്ലാ കളക്ടർ പരിശോധന നടത്തി. പരിശോധനയ്ക്കായി റവന്യൂ വകുപ്പിന്‍റേതടക്കമുള്ള ഉദ്യോഗസ്ഥരോടൊപ്പമാണ് കളക്ടർ എത്തിയത്.വൻ പൊലീസ് സന്നാഹവുമായാണ് ജില്ലാ കളക്ടർ എത്തിയത്. പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കളക്ടർക്കും സംഘത്തിനും വൻ സുരക്ഷ ഏർപ്പെടുത്തിയത്. കയ്യേറ്റം നടന്ന സ്ഥലങ്ങളെല്ലാം കളക്ടർ സന്ദർശിച്ചു. തിരുവനന്തപുരം അടിമലത്തുറയിൽ തീരഭൂമി കയ്യേറി ലത്തീൻ പള്ളി ഭൂമി വിറ്റുവെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്.

അടിമലത്തുറയിൽ 12 ഏക്കർ സർക്കാർ ഭൂമിയാണ് അടിമലത്തുറ ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയത്. ഇതാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിറ്റത്. ഇതിൽ ഒമ്പതേക്കർ മൂന്ന് സെന്‍റുകളായി തിരിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിൽക്കുകയായിരുന്നു. ഒന്നരയേക്കർ പുറമ്പോക്ക് കയ്യേറി അത്യാഢംബര കൺവെൻഷൻ സെന്‍റർ നിർമിച്ചു. 55 സെന്‍റ് റവന്യൂഭൂമി കയ്യേറുകയും ചെയ്തു. അങ്ങനെ കേരളത്തിന്‍റെ തീരഭൂമിയിൽ നിർണായകമായ 12 ഏക്കർ പുറമ്പോക്കുൾപ്പടെയുള്ള സർക്കാർ ഭൂമിയാണ് ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയതും മത്സ്യത്തൊഴിലാളികൾക്ക് മറിച്ച് വിറ്റതും. 

ഇവിടെ പട്ടയം പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് റവന്യൂ മന്ത്രിയടക്കമുള്ളവർ പറഞ്ഞിരുന്നു. ഇത് സർക്കാർ, പുറമ്പോക്ക് ഭൂമിയാണ്. വില കൊടുത്തു വാങ്ങിയ ഈ ഭൂമിയിൽ ഉള്ള പണം മുഴുവൻ ചെലവാക്കി മത്സ്യത്തൊഴിലാളികൾ വീട് കെട്ടി. ഇവിടെ കുടിവെള്ള, വൈദ്യുതി കണക്ഷന് അപേക്ഷിച്ചപ്പോൾ അത് പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും, സർക്കാർ പിന്തുണയോടെ ഈ നിർമിതികൾ അനുവദിക്കാൻ കഴിയില്ലെന്നും റവന്യൂ മന്ത്രിയും ഫിഷറീസ് മന്ത്രിയുമടക്കം നിലപാടെടുക്കുകയും ചെയ്തു. 

നൂറ് കണക്കിന് പൊലീസ് സേനാംഗങ്ങളും ദ്രുതകർമസേനയും അടക്കമുള്ള സന്നാഹങ്ങളുമായാണ് കളക്ടർ എത്തിയത്. നേരത്തേ ഇത്തരമൊരു കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാൻ വന്നപ്പോൾ കളക്ടറെത്തന്നെ പ്രതിഷേധിച്ച് തിരിച്ചയക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. അതിനാലാണ് വൻ പൊലീസ് സന്നാഹവുമായി കളക്ടർ എത്തിയത്. വീടുകൾ പണിത് കഴിഞ്ഞതിനാൽ ഇനി ഇവിടെ നിന്ന് മാറുന്നതിൽ മത്സ്യത്തൊഴിലാളികൾക്ക് ഇടയിൽത്തന്നെ എതിർപ്പുണ്ട്. ഇവർ ഭൂമിയിൽ ചെലവാക്കിയ തുകയ്ക്ക് ആര് സമാധാനം പറയുമെന്നതാണ് ചോദ്യം. 

കയ്യേറ്റം നടന്നുവെന്ന് വ്യക്തമായ ഒമ്പതേക്കർ വീടുകളുടെ പ്ലോട്ടുകൾ, ഒന്നരയേക്കർ കൺവെൻഷൻ സെന്‍റർ, 55 സെന്‍റ് മറ്റൊരു കയ്യേറ്റം എന്നിവയാണ് ഇന്ന് ജില്ലാ കളക്ടർ വൻ പൊലീസ് സന്നാഹത്തോടെ പരിശോധിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തു കൊണ്ടുവന്നതിന് പിന്നാലെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനിൽ നിന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോർട്ട് റവന്യൂ മന്ത്രി നൽകിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഈ ഫയൽ ഇരിക്കുമ്പോഴാണ് കളക്ടർ സന്ദർശനം നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. 

എന്തായിരുന്നു അടിമലത്തുറയിലെ കയ്യേറ്റം? വിശദമായി ആ വാർത്ത റിപ്പോ‍ർട്ട് ചെയ്ത ഞങ്ങളുടെ പ്രതിനിധി അനൂപ് ബാലചന്ദ്രൻ തന്നെ എഴുതിയത് വായിക്കാം:

Read more at: അടിമലത്തുറയെന്ന കയ്യേറ്റ റിപ്പബ്ലിക്; അന്വേഷണത്തിലെ കണ്ടെത്തലുകള്‍