മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി കെ കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് അടക്കമുള്ള അന്തരിച്ച രാഷ്ട്രീയക്കാരുടെ കുടുംബങ്ങൾക്ക് സഹായമായി നൽകി എന്ന ആർ എസ് ശശികുമാറിന്റെ ഹർജി ലോകായുക്തയുടെ  പരിഗണനയിലാണുള്ളത്

തിരുവനന്തപുരം: അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്ത ഉപ ലോകയുക്ത ബാബു പി ജോസഫിന്റെ നടപടി സംശയകരമെന്ന് ആർഎസ് ശശികുമാർ. പുസ്തകത്തിൽ ബാബു പി ജോസഫിനും മറ്റൊരു ഉപ ലോകായുക്ത ഹാറൂൺ അൽ റഷീദിനും രാമചന്ദ്രൻ നായരുമായുള്ള ബന്ധവും പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് അടക്കമുള്ള രാഷ്ട്രീയക്കാർക്ക് സഹായമായി നൽകി എന്ന ആർഎസ് ശശി കുമാറിന്റെ ഹർജിയിൽ വിധി പറയാൻ ഇരിക്കെ ഉപ ലോകയുക്‌തമാരുടെ നടപടി സംശയകരമെന്നാണ് കേസിലെ പരാതിക്കാരൻ കൂടിയായ ആർഎസ് ശശികുമാർ പറയുന്നത്.

കേസിൽ ഉപ ലോകയുക്തമാർ വിധി പറയരുതെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇത് അവശ്യപ്പെട്ട് ലോകായുക്തയിൽ ഹർജി നൽകുമെന്നും പരാതിക്കാരൻ പറഞ്ഞു. പുസ്തകത്തിൽ ഉപലോകയുക്തമാർക്ക് അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുമായുള്ള ബന്ധം സുചിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് സംഘടന പ്രവർത്തനവും കോളേജ് കാലത്തെ പരിജയവും എല്ലാം പ്രതിപാദിക്കുന്നുണ്ട്. ഇതെല്ലാമാണ് പരാതിക്കാരന്റെ സംശയത്തിന് കാരണം. നേരത്തെ, ഹർജി പരിഗണിച്ചപ്പോൾ പരാതിക്കാരന് നേരെ ലോകായുക്ത രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഹർജിക്കാരൻ ലോകായുക്തയുടെ സമയം കളയുന്നുവെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ വിമർശനം.

Read More: ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്:ഹർജിക്കാരന് കുത്തിത്തിരിപ്പ് ലക്ഷ്യം,വിലപ്പെട്ട സമയം കളയുന്നുവെന്ന് ലോകായുക്ത

നേരത്തെ ഡിവിഷൻ ബെഞ്ച് ഉത്തരവ് ഹർജിക്കാരന്‍റെ അഭിഭാഷകനെ കൊണ്ട് മൂന്നംഗ ബഞ്ച് വീണ്ടും വായിപ്പിച്ചിരുന്നു . കാര്യങ്ങളിൽ വ്യക്തത വന്നതിനാൽ ഇടക്കാല ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് ലോകായുക്ത ചോദിച്ചിരുന്നു .ദുരിതാശ്വാസ നിധിയിൽ തുക അനുവദിക്കാനുള്ള തീരുമാനം മന്ത്രി സഭാ യോഗത്തിൻ്റെ ആണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും അതിനാൽ ലോകായുക്ത പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കണമെന്നും സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ വാദിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്