ഹർജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹർജിക്കാരൻ നല്കിയ ഇടക്കാല ഹർജിയാണ് വിമർശനത്തിനിടയാക്കിയത്
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ ഹർജിക്കാരന് ഇന്നും ലോകായുക്തയുടെ രൂക്ഷ വിമർശനം. ഹർജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹർജിക്കാരൻ നല്കിയ ഇടക്കാല ഹർജിയാണ് വിമർശനത്തിനിടയാക്കിയത്. ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവിൽ വ്യക്തത വേണമെന്നും ഇടക്കാല ഹർജിയിൽ പറഞ്ഞിരുന്നു. ഹർജിക്കാരൻ ലോകായുക്തയുടെ സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് വിമർശിച്ചു. കേസ് നീട്ടിക്കൊണ്ട് പോകുന്നതിൽ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകും. മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങൾ അന്വേഷിക്കാൻ കഴിയുമെന്നും ലോകായുക്ത നിരീക്ഷിച്ചു.
ഡിവിഷൻ ബഞ്ച് ഉത്തരവ് ഹർജിക്കാരന്‍റെ അഭിഭാഷകനെ കൊണ്ട് മൂന്നംഗ ബഞ്ച് വീണ്ടും വായിപ്പിച്ചു . കാര്യങ്ങളിൽ വ്യക്തത വന്നതിനാൽ ഇടക്കാല ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് ലോകായുക്ത ചോദിച്ചു .ദുരിതാശ്വാസ നിധിയിൽ തുക അനുവദിക്കാനുള്ള തീരുമാനം മന്ത്രി സഭാ യോഗത്തിൻ്റെ ആണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും അതിനാൽ ലോകായുക്ത പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കണമെന്നും സ്പെഷൽ'പബ്ളിക് പ്രോസിക്യൂട്ടർ വാദിച്ചു
