തിരുവനന്തപുരം: അനധികൃത നിയമനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ കരഞ്ഞത് നാടകമോ തട്ടിപ്പോ ആയിരുന്നില്ലെന്ന് സൈബര്‍ ആക്രമണത്തിനിരയായ ഉദ്യോഗാർത്ഥി ലയ. ജോലിയില്ലാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണ്. നാട്ടിലെ സിപിഎമ്മുകാര്‍ക്ക് തന്‍റെ ജീവിത സാഹചര്യം അറിയാമെന്ന് ലയ പറഞ്ഞു. നാടകം കളിക്കാന്‍ തൃശ്ശൂരില്‍ നിന്ന് തലസ്ഥാനത്ത് വരേണ്ടതില്ലല്ലോ. ഉദ്യോഗാര്‍ത്ഥികളുടെ സമരം വിജയം വരെ തുടരുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ലയ പ്രതികരിച്ചു. 

സർക്കാർ പിന്‍വാതില്‍ നിയമനങ്ങൾ നടത്തുന്നെന്ന്​ ആരോപിച്ച്​ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ്​ ഉദ്യോഗാർത്ഥി ലയയുടെ ചിത്രം ഉള്‍പ്പെടുത്തി വന്‍ സൈബര്‍ ആക്രമണമാണ് നടന്നത്. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ ഉദ്യോഗാർഥികള്‍ ആത്മഹത്യാശ്രമവും ഇന്നലെ നടത്തിയിരുന്നു. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുൾപ്പെട്ട റിജു, ദീപു എന്നിവരാണ് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അതിനുശേഷം സംസാരിച്ച ലയ എന്ന ഉദ്യോഗാർഥിയുടെ പ്രസംഗം സർക്കാറിനേയും അധികാര കേന്ദ്രങ്ങളേയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു.