മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് സ്ഥാനാർഥിയായ പിവി അൻവർ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നാണ് പരാതി. എൽഡിഎഫ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കുമാണ് പരാതി നൽകിയത്.
കോഴിക്കോട്: ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്. മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് സ്ഥാനാർഥിയായ പിവി അൻവർ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നാണ് പരാതി. എൽഡിഎഫ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കുമാണ് പരാതി നൽകിയത്. അൻവർ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയിൽ പറയുന്നത്.
നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായ പിവി അൻവർ തന്റെ മത്സരം പിണറായിസത്തിനും മരുമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരാതി.
മുഹമ്മദ് റിയാസിന് വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി
ബേപ്പൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന് വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ യു ഡി എഫിനും ബി ജെ പിക്കുമെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി അഴിച്ചിവിട്ടത്. ബി ജെ പിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഇരുകൂട്ടരും മുതലാളിത്ത താൽപ്പര്യങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർ എസ് എസ് ആഭ്യന്തര ശത്രുക്കളായി കാണുന്ന ന്യൂനപക്ഷങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇടത് സർക്കാർ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നിശബ്ദത പാലിക്കുകയായിരുന്നു. വയനാട് ദുരന്തത്തിലടക്കം കേരളത്തെ സഹായിക്കാതെ തകർക്കാൻ ശ്രമിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. കേന്ദ്രത്തിന്‍റെ ഈ നിലപാടിനെതിരെ പ്രതികരിക്കാൻ യു ഡിഎഫ് എം പിമാർ തയ്യാറായില്ലെന്നും ബി ജെ പിക്ക് വിഷമമാകുമെന്ന് കരുതി അവർ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
കേരളത്തിന്റെ വികസനത്തിനായി എടുത്ത കടത്തെ അയോഗ്യതയായി കാണുന്നവർ നാടിന്റെ താൽപ്പര്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേ ഫലങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം, 2021 ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇത്തവണ എൽ ഡി എഫ് അധികാരം നിലനിർത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മന്ത്രി എന്ന നിലയിൽ മുഹമ്മദ് റിയാസ് കാഴ്ചവെച്ച മികച്ച പ്രകടനം ബേപ്പൂരിലെ വോട്ടർമാർ വിലയിരുത്തുമെന്നും അദ്ദേഹത്തിന്റെ വിജയത്തിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രകൃതി ദുരന്തങ്ങളിലും നികുതി വിഹിതത്തിന്റെ കാര്യത്തിലും കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



