തൃശ്ശൂർ: ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം  ഏറെ ചർച്ചയായ  തൃശ്ശൂർ വടക്കാഞ്ചേരി നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. 41 സീറ്റുകളിൽ 21- ലും വിജയിച്ചാണ് എൽഡിഎഫ് ഭരണ തുടർച്ച നേടിയത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ജനം തള്ളിയതായി ഇടതു നേതാക്കൾ പ്രതികരിച്ചു. എന്നാൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തിയാണ് എൽഡിഎഫ് വിജയിച്ചതെന്നാണ് കോൺഗ്രസിൻറെ ആരോപണം.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം തൃശ്ശൂർ ജില്ലയിൽ മാത്രമല്ല സംസ്ഥാനത്താകെ പ്രചാരണ വിഷയമായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി എ സി മൊയ്തീനും എതിരെ ഗുരുതര ആരോപണങ്ങളാണ് അനിൽ അക്കരയുടെ നേതൃത്വത്തിൽ യുഡിഎഫ് ഉന്നയിച്ചത്.  ലൈഫ് വോട്ടാകുമെന്ന യുഡിഎഫിൻ്റെ പ്രതീക്ഷയ്ക്ക് കനത്ത തരിച്ചടി നൽകിയാണ് വടക്കാഞ്ചേരിയിൽ എൽഡിഫിൻ്റെ വമ്പൻ വിജയം.

പഞ്ചായത്തിലെ യുഡിഎഫിന്റെ പ്രതീക്ഷകൾ 16 സീറ്റിൽ ഒതുങ്ങി. ഫ്ലാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്ന റയിവെ വാർഡ് യുഡിഎഫ് ജയിച്ചു. ബിജെപി അവരുടെ ഒരു സീറ്റ് നിലനിർത്തി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വസ്തുതകൾ വേണ്ട വിധം ജനങ്ങളെ ബോധ്യപ്പെടുത്താൻ ആയില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. വടക്കാഞ്ചേരിയിൽ തോൽവി നേരിട്ടെങ്കിലും ലൈഫ് മിഷൻ അഴിമതിയിൽ പോരാട്ടം തുടരാനാണ് യുഡിഎഫിൻ്റെ തീരുമാനം.