Asianet News MalayalamAsianet News Malayalam

മോര്‍ഫ് ചെയ്ത ചിത്രമടക്കം ഉപയോഗിച്ച അപകീര്‍ത്തിപ്പെടുത്തുന്നു: വടകരയിൽ യുഡിഎഫിനെതിരെ എൽഡിഎഫിന്റെ പരാതി

യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവും സമ്മതത്തോടെയുമാണ് ഈ പ്രചാരണം നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു

LDF complaint against UDF in Vadakara Lok Sabha Election 2024 kgn
Author
First Published Mar 27, 2024, 5:08 PM IST

കോഴിക്കോട്: വടകരയില്‍ യുഡിഎഫിനെതിരെ പരാതിയുമായി എല്‍ഡിഎഫ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജയെ അപകീ‍ര്‍ത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവും സമ്മതത്തോടെയുമാണ് ഈ പ്രചാരണം നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

പ്രചാരണം തുടങ്ങിയതു മുതല്‍ വടകരയിലെ പോര് കേരളത്തിന്‍റെ സവിശേഷ ശ്രദ്ധ നേടിയിരുന്നെങ്കിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്‍റെ ഘട്ടത്തിലാണ് എല്‍ഡിഎഫ് - യുഡിഎഫ് പോര് മറ്റൊരു ദിശയിലേക്ക് നീങ്ങുന്നത്. കൊവിഡ് കാലത്ത് പര്‍ച്ചേസിനെ യുഡിഎഫ് കൊവിഡ് കൊളളയായി അവതരിപ്പിക്കുന്നതിനെതിരെ കെകെ ശൈലജ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ആരോപണം ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ശൈലജ മുന്നറിയിപ്പും നല്‍കി. എന്നാല്‍ അമിതമായ വിലയില്‍ പിപിഇ കിറ്റുകള്‍ അടക്കം വാങ്ങി കൊളള നടത്തിയ കാര്യം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്ന നിലപാടില്‍ യുഡിഎഫ് ഉറച്ച് നിന്നു.

പിന്നാലെയാണ് യുഡിഎഫിനെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കും കെ കെ ശൈലജയ്ക്കുമെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ അശ്ലീല പ്രയോഗം നടത്തുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അടക്കം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയും ചെയ്യുന്നതിനെ കുറിച്ചാണ് പരാതി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ സൈബര്‍ ആക്രമണത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പിന്തുണയുണ്ടെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച യുഡിഎഫ് ആരോപണങ്ങളെക്കുറിച്ച് ശൈലജ ഉയര്‍ത്തിയ കാര്യങ്ങളൊന്നും പരാതിയില്‍ പറയുന്നില്ല. കെകെ ശൈലജയ്ക്കെതിരെ സൈബര്‍ ആക്രണം നടത്തിയിട്ടില്ലെന്നാണ് യുഡിഎഫ് വാദം. കെകെ ശൈലജയ്ക്കും ഇടതു മുന്നണിക്കുമെതിരെ ഉന്നയിക്കാവുന്ന അനേകം വഷയങ്ങള്‍ നിലനില്‍ക്കെ എന്തിന് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കണമെന്നാണ് യുഡിഎഫിന്‍റെ ചോദ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios