Asianet News MalayalamAsianet News Malayalam

കർഷകരുടെ ആവശ്യം ന്യായം, ഹർത്താലിന് പിന്തുണ: ബിഷപ്പിനെതിരെ മുഖ്യമന്ത്രിയെ പിന്തുണച്ച് വിജയരാഘവൻ

പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫിന്റെ നിലപാട് മറ്റൊന്നായി കാണേണ്ട കാര്യമില്ല

LDF convener CPM acting secretary A Vijayaraghavan backs CM Pinarayi Vijayan criticism Pala Bishop Joseph Kallarangatt Narcotic Jihad
Author
Thiruvananthapuram, First Published Sep 23, 2021, 5:07 PM IST

തിരുവനന്തപുരം: സെപ്തംബർ 27 ന് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടക്കുന്ന ഭാരത് ബന്ദിന് (Bharat Bandh) പിന്തുണ നൽകുമെന്ന് സിപിഎം (CPIM) ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ വിജയരാഘവൻ(A Vijayaraghavan) പ്രഖ്യാപിച്ചു.  ബിഷപ്പിന്റെ നാർകോടിക് ജിഹാദ് (Narcotic Jihad) പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന തന്റെ മുൻ നിലപാട് തിരുത്തിയ അദ്ദേഹം മുഖ്യമന്ത്രി (Chief Minister) പറഞ്ഞ നിലപാടാണ് എൽഡിഎഫിന്റേതെന്നും (LDF) വ്യക്തമാക്കി.

'കർഷക സമരത്തിന് ഇടതുമുന്നണി ഐക്യദാർഢ്യം നൽകുന്നു. സമരം വിജയിപ്പിക്കുന്നതിനായി ഐക്യദാർഢ്യ കൂട്ടായ്മകൾ നടത്തും. കർഷകരുടെ ആവശ്യം ന്യായമാണ്, അതിനെ പിന്തുണക്കേണ്ടതുണ്ട്. ഈയൊരു സമരം കൊണ്ട് കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം തകരുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല. ഹർത്താൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ സാധാരണ പരീക്ഷ മാറ്റിവെക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫിന്റെ നിലപാട് മറ്റൊന്നായി കാണേണ്ട കാര്യമില്ല. അത് തന്നെയാണ് നിലപാട്. കാര്യങ്ങൾ കൂടുതൽ പരിശോധിക്കുമ്പോഴാണല്ലോ അതുസംബന്ധിച്ച അഭിപ്രായങ്ങളും മാറുന്നതെന്നായിരുന്നു, ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട മുൻ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി. പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ ദുരുദ്ദേശമില്ലെന്നായിരുന്നു ഇടതുമുന്നണി കൺവീനർ നേരത്തെ പറഞ്ഞത്.

തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നവർക്ക് മറ്റൊന്നും പറയാനില്ലെന്നും അതുകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പറയുന്നതിൽ വസ്തുതകൾ വേണമെന്ന് നിർബന്ധ ബുദ്ധിയില്ലാതെ വരുമ്പോൾ ഇങ്ങിനെ പലതും പറയും. അതിനെ കാര്യമാക്കേണ്ടതില്ലെന്നും ഇടതുമുന്നണി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios