മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അബ്ദുറഹിമാൻ രണ്ടത്താണിയുടെ അതൃപ്തി മുതലെടുത്ത് മലപ്പുറത്ത് മുന്നേറാൻ എൽഡിഎഫ് ശ്രമിക്കുന്നു. ഷാഫി ചാലിയം ഉൾപ്പെടെയുള്ള കൂടുതൽ യുഡിഎഫ് നേതാക്കൾ എൽഡിഎഫ് പാളയത്തിലേക്ക് എത്തുമെന്ന സൂചനകൾക്കിടെ, വി അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റി സിപിഎം സ്ഥാനാർഥി പട്ടികയിലും മാറ്റങ്ങൾ വരുത്തുകയാണ്

മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കലാപക്കൊടി ഉയർത്തിയ അബ്ദുറഹിമാൻ രണ്ടത്താണിയെ ആയുധമാക്കി മലപ്പുറത്ത് മുന്നേറാൻ സി പി എമ്മിൽ തിരിക്കിട്ട നീക്കം. മലപ്പുറം ജില്ലയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന് പിന്നാലെ കൂടുതൽ യു ഡി എഫ് നേതാക്കൾ എൽ ഡി എഫിലേക്ക് എത്തുന്നു. ജില്ലയിലെ രണ്ട് പ്രമുഖ യു ഡി എഫ് നേതാക്കൾ ഉടൻ തന്നെ എൽ ഡി എഫ് പാളയത്തിലെത്തുമെന്നാണ് വിവരം. ലീഗ് നേതാവ് ഷാഫി ചാലിയമാണ് ഇക്കൂട്ടത്തിൽ ശ്രദ്ധേയനായ നേതാവ്. സോഷ്യൽ മീഡിയയിലടക്കം ലീഗിന്‍റെ നാവായി പ്രവർത്തിക്കുന്ന ഷാഫി ചാലിയം എൽ ഡി എഫിന് മുതൽക്കൂട്ടാകുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. വള്ളിക്കുന്നിലേക്ക് ഷാഫി ചാലിയത്തെ പരിഗണിക്കാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പട്ടാമ്പിയിൽ സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവും സി പി എമ്മിലേക്ക് ഉടൻ എത്തുമെന്നാണ് സൂചന. അതിനിടെ അബ്ദുറഹ്മാൻ രണ്ടത്താണിക്ക് മത്സരിക്കാൻ തിരൂരങ്ങാടി വിട്ടു നൽകാൻ സി പി ഐ തയ്യാറായിട്ടുണ്ട്. പകരം മണ്ഡലം വേണമെന്ന ആവശ്യത്തിലാണ് സി പി ഐയുടെ നടപടി.

അബ്ദുറഹിമാൻ തിരൂരിലേക്ക്, താനൂരിൽ മുസ്തഫ വടശ്ശേരി

അതേസമയം മലപ്പുറത്തെ നിലവിലെ സ്ഥാനാർഥി നിർണയത്തിൽ വലിയ മാറ്റത്തിനാണ് സി പി എം തീരുമാനം. നിലവിൽ താനൂർ എം എൽ എയും മന്ത്രിയുമായ വി അബ്ദുറഹിമാൻ ഇത്തവണ തിരൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. അബ്ദുറഹിമാന് പകരം താനൂരിൽ മുസ്തഫ വടശ്ശേരിയെ മത്സരിപ്പിക്കാനാണ് പുതിയ തീരുമാനം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ ഈ നിർദ്ദേശങ്ങൾ അന്തിമ അംഗീകാരത്തിനായി സി പി എം സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.