പേരാമ്പ്രയിൽ വച്ച് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് ജില്ലാ കമ്മിറ്റി. ഇത് യുഡിഎഫ് നടത്തിയ ആസൂത്രിത നാടകമാണെന്നും സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും എൽഡിഎഫിന്റെ ആരോപണം.
കോഴിക്കോട്: ഇന്നലെ ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മർദ്ദനമേറ്റതിനെത്തുടർന്ന് പരിക്ക് പറ്റിയ സാഹചര്യത്തിൽ പ്രതികരിച്ച് കോഴിക്കോട് എൽഡിഎഫ് ജില്ലാ കമ്മിറ്റി. പേരാമ്പ്രയിലുണ്ടായത് ആസൂത്രിതമായ സംഭവമെന്നും ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമമുണ്ടായെന്നും ശക്തമായ ജനകീയ മുന്നേറ്റമുണ്ടാകുെമെന്നും എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദിന്റെ പ്രതികരണം. ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മളനത്തിൽ നേതാക്കൾ പ്രതികരിക്കുകയായിരുന്നു.
അതേ സമയം, സംഭവത്തിൽ വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് രംഗത്ത്. പേരാമ്പ്രയിൽ കോളേജിൽ എസ്എഫ്ഐ ഉജ്ജ്വല വിജയം നേടിയെന്നും അതിനിടയിൽ ചെറിയ അടിപിടി ഉണ്ടായതിന്റെ ഭാഗമായാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ പത്ത് മണിയോടെ പഞ്ചായത്ത് ഓഫീസ് അടപ്പിക്കാൻ ശ്രമമുണ്ടായി. പ്രസിഡൻ്റിനെ കയ്യേറ്റം ചെയ്തു. കയ്യേറ്റമുണ്ടായിട്ടും സമാധാനപരമായാണ് ഞങ്ങൾ നീങ്ങിയത്. ഇതിൻ്റെ ഭാഗമായി ഞങ്ങളൊരു പ്രകടനം തീരുമാനിച്ചു. ഞങ്ങൾ കൃത്യമായി പ്രകടനം നടത്തിയത് ബസ് സ്റ്റാൻഡിൽ അവസാനിച്ചു. പ്രകടനത്തിന് ശേഷം സഖാക്കളെയെല്ലാം വീട്ടിലേക്ക് പറഞ്ഞയച്ചുവെന്നും അതിന് ശേഷമാണ് യുഡിഎഫ് പ്രകടനമെത്തിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
പ്രകടനം നടത്താനെത്തിയ യുഡിഎഫുകാരുടെ കയ്യിൽ കൊടി ആയിരുന്നില്ല, വടി ആയിരുന്നു. ഷാഫി എത്തിയതിന് ശേഷം പൊലീസുമായി സംസാരിച്ച് കുറച്ചു കൂടി പ്രകടനം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഷാഫി പൊലീസിനോട് തട്ടിക്കയറി. വടകര ഡിവൈഎസ്പിയുടെ കയ്യിൽ നിന്നും ഗ്രനേഡ് പിടിച്ചെടുക്കാൻ ശ്രമമുണ്ടായി. അവിടെ നടന്നത് എംപിയുടെ കയ്യേറ്റമാണ്. ഷാഫി വരുന്നത് വരെ പ്രവർത്തകർ അനങ്ങാതിരുന്നു. ഷാഫി വന്നതിന് ശേഷമാണ് പൊലീസിനെ കയ്യേറ്റം ചെയ്തത്. പൊലീസിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന സമീപനമാണ് ഉണ്ടായത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് തന്നെ ലക്കും ലഗാനുമില്ലാതെയാണ് സംസാരിക്കുന്നത്. രാഹുൽ മാങ്കൂട്ടം വിഷയം മറച്ചുപിടിക്കാനുള്ള വെമ്പലും ആക്രോശവുമാണ് എംപി കാണിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്.
എന്നാൽ, ഷാഫി പറമ്പിൽ പെരുമാറുന്നത് യൂത്ത് കോൺഗ്രസിൻ്റെയും കെഎസ്യുവിൻ്റെയും പ്രതിനിധിയെ പോലെയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ് പ്രതികരിച്ചു. അദ്ദേഹം പങ്കെടുക്കുന്ന ഏതിടങ്ങളിലും ബോധപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമം നടക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് പ്രസിഡൻ്റിനെ ഇന്നലെ ആക്രമിച്ചത്. ഒന്നര മണിക്കുറോളം എംപിയെ കാത്ത് പ്രവർത്തകർ നിന്നു. എംപിയാണ് ആദ്യം പൊലിസിനെ തള്ളിക്കയറിയതെന്നും ഡിവൈഎസ്പിയെ പോലുള്ള ഉയർന്ന ഉദ്യോഗസ്ഥനെയാണ് ആക്രമിച്ചതെന്നും നമ്മുടെ ജില്ലയിൽ രാഷ്ട്രീയ നാടകം ഉണ്ടായിട്ടില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. ആസൂത്രിതമായ നാടകം കളിക്കാൻ എംപി തന്നെ നേതൃത്വം നൽകുന്നു. ഈ ശ്രമമൊന്നും ജനങ്ങൾ അംഗീകരിക്കില്ല. വലിയ പ്രതിഷേധവുമായി ഇടതുപക്ഷം മുന്നോട്ടുപോകും. ഉണ്ടായത് പൊലീസിൻ്റെ സ്വാഭാവിക പ്രതികരണമാണ്. വടകര ഡിവൈഎസ്പിയുടെ കയ്യിൽ സാരമായ പരിക്കുണ്ട്. എംപിക്കല്ലാതെ മറ്റൊരു കോൺഗ്രസുകാർക്കും പരിക്കേറ്റില്ല. സിപിഎം പ്രകടനത്തിന് ശേഷം രണ്ട് പ്രവർത്തകർക്കും നടുവിലായാണ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതെന്നും അത് ക്രമസമാധാനം ഉറപ്പിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


