പാലാ നഗരസഭാ ചെയർപേഴ്‌സണെതിരായ അവിശ്വാസപ്രമേയം പാസായതിനെ കാലം കാത്തുവെച്ച കാവ്യനീതി എന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ വിശേഷിപ്പിച്ചു. വെറുപ്പും വൈരാഗ്യവും രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്നും, വികസനം മാത്രം ലക്ഷ്യമാക്കി മുന്നോട്ട് വരുന്നവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാ: പാലാ നഗരസഭാ ചെയർപേഴ്‌സണെതിരായ അവിശ്വാസപ്രമേയം വൻ ഭൂരിപക്ഷത്തോടെ പാസായതിനെ തുടർന്ന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ. ചെയർപേഴ്‌സന്‍റെ പതനം കാലം കാത്തുവെച്ച കാവ്യനീതിയാണെന്നും, പൊതുപ്രവർത്തനത്തിൽ വെറുപ്പും വൈരാഗ്യവും പ്രതികാരവും വിജയിക്കില്ലെന്ന വലിയ സന്ദേശമാണ് ഈ സംഭവം സമൂഹത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസപ്രമേയം പാസായെങ്കിലും കുറുക്കുവഴികളിലൂടെ ഭരണം പിടിച്ചെടുക്കാൻ എൽഡിഎഫ് ശ്രമിക്കില്ലെന്ന് ബിജു പാലൂപ്പടവൻ വ്യക്തമാക്കി.

രാഷ്ട്രീയത്തിനതീതമായി പാലായുടെ വികസനം മാത്രം ലക്ഷ്യമാക്കി മുന്നോട്ടുവരുന്നവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന പദവിയും അംഗീകാരവും കൂടുതൽ പ്രശസ്തി ഉണ്ടാക്കാനാണ് അവർ ഉപയോഗിച്ചത്. സ്ഥാനമേറ്റെടുത്ത ഉടൻ തന്നെ രാഷ്ട്രീയമായും വ്യക്തിപരമായും എതിർപ്പുള്ളവരെ ദ്രോഹിക്കാനാണ് ശ്രമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ട നേതാവിനെതിരെ കൗൺസിലിൽ നിയമവിരുദ്ധമായി പ്രമേയം അവതരിപ്പിച്ചു. സീനിയർ കൗൺസിലർമാരെ പോലും തരംതാഴ്ത്തിയാണ് കണ്ടത്. രാഷ്ട്രീയത്തിൽ ചെറുപ്പത്തേക്കാൾ പ്രധാനം പരിചയസമ്പത്താണെന്ന പാഠമാണ് ഈ പതനം നൽകുന്നത്.

കഴിഞ്ഞ ആറുമാസമായി ചില ഉദ്ഘാടനങ്ങൾ നടത്തിയതല്ലാതെ നഗരസഭയുടെ വികസനത്തിനായി ഒരു പുതിയ പദ്ധതി പോലും തുടങ്ങാൻ മുൻ ചെയർപേഴ്‌സണ് സാധിച്ചില്ല. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ 9 അംഗ ക്വോറം തികയ്ക്കാൻ പോലും സാധിക്കാതെ, പാലായുടെ ചരിത്രത്തിൽ ആദ്യമായി യോഗങ്ങൾ പിരിച്ചുവിടേണ്ട സാഹചര്യം വരെയുണ്ടായി. എംപി, എംഎൽഎ, ജോസഫ് ഗ്രൂപ്പ് എന്നിവർ ചേർന്ന ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഈ ആറ് മാസത്തെ ഭരണം. കുടുംബകൂട്ടായ്മയുമായി ഭരണം നടത്തിയാൽ മുന്നോട്ട് പോകില്ലെന്ന് വ്യക്തമായിരുന്നതുകൊണ്ടാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും പ്രതിപക്ഷം അന്ന് ഭരണം പിടിക്കാതിരുന്നത്.

ഭരിക്കാൻ ക്ഷമയും വീട്ടുവീഴ്ചയും പരിചയസമ്പത്തുമാണ് ആവശ്യമെന്ന് ഈ അനുഭവം തെളിയിക്കുന്നു. ഭരണപക്ഷത്തെ ഏഴു കൗൺസിലർമാർ ചെയർപേഴ്‌സണിൽ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രതിപക്ഷമെന്ന നിലയിൽ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് ബിജു പാലൂപ്പടവൻ വിശദീകരിച്ചു. ഭരണത്തുടർച്ചയേക്കാൾ പാലായുടെ പാരമ്പര്യവും വികസനവുമാണ് പ്രതിപക്ഷം മുൻനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.