''റിട്ടയർഡ് ചെയ്ത ഉദ്യോഗസ്ഥർ ഇങ്ങനെ പരാമർശം നടത്തുന്നതിന്റെ സാഹചര്യമെന്താണെന്ന് അന്വേഷിക്കണം. സത്യമാണോ പുറത്ത് വന്നതെന്ന് അറിയില്ല. അതും പൊലീസ് അന്വേഷിക്കണം''

തിരുവനന്തപുരം : ദിലീപിനെ അനുകൂലിച്ച റിട്ട. ഡിജിപി ശ്രീലേഖ ഐപിഎസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാമർശത്തിന് ഇടയായ സാഹചര്യം അന്വേഷിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഒരാളെ ശിക്ഷിച്ച ശേഷം റിട്ടയഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ വന്ന് കേസിനെതിരെ പറഞ്ഞാലെങ്ങനെയിരിക്കും. അതിലൊരു അനൌചിത്യം ഉണ്ട്. റിട്ടയർഡ് ചെയ്ത ഉദ്യോഗസ്ഥർ ഇങ്ങനെ പരാമർശം നടത്തുന്നതിന്റെ സാഹചര്യമെന്താണെന്ന് അന്വേഷിക്കണം. സത്യമാണോ പുറത്ത് വന്നതെന്ന് അറിയില്ല. അതും പൊലീസ് അന്വേഷിക്കണം. ഡിപിയായി റിട്ടയഡ് ചെയ്ത ഒരു ഉദ്യോഗസ്ഥയാണ് ഇക്കാര്യം പറഞ്ഞതെന്നതും ഞെട്ടിക്കുന്നതാണ്. എന്താണ് സത്യമെന്ന് അറിയില്ല. എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ലെന്നതും അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് വടകര എംഎല്‍എ കെ കെ രമ. പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആര്‍ ശ്രീലേഖ മുമ്പും ദിലീപിന് അനുകൂലമായി നിലപാടെടുത്തിരുന്നുവെന്നും കെകെ രമ കുറ്റപ്പെടുത്തി. ശ്രീലേഖയ്ക്ക് എതിരെ അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു. 

'സുനി പറഞ്ഞുകൊടുത്ത് എഴുതിച്ച കത്ത്, ഞാൻ സാക്ഷി,സിസിടിവിയുമുണ്ട്, ശ്രീലേഖ പറഞ്ഞതെല്ലാം തെറ്റ്'; ജിൻസൺ പറയുന്നു

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിട്ടുള്ളത്. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയുള്ള മുൻ ജയിൽ ഡിജിപിയുടെ പരാമർശത്തിൽ അന്വേഷണ സംഘവും ഞെട്ടലിലാണ്. ദിലീപിനെ വെള്ള പൂശാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതിനിടെ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. 

'സുനി പറഞ്ഞുകൊടുത്ത് എഴുതിച്ച കത്ത്', സാക്ഷി പറയുന്നു

പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസൺ. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്നാണ് കേസിലെ സാക്ഷി കൂടിയായ ജിൻസൺ പറയുന്നത്. സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിൻസൺ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. 

കത്തെഴുതുന്നത് ഞാനും കൂടി ഇരിക്കുമ്പോഴാണ്. ജയിൽ എനിക്ക് ജോലിയുണ്ടായിരുന്നു. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് കത്ത് എഴുതുന്നത് കണ്ടത്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണ്. ഇതിനെല്ലാം സിസിടിവി തെളിവുമുണ്ട്. അത് വിചാരണഘത്തത്തിൽ കാണിച്ചതാണെന്നും സാക്ഷി കൂടിയായ ജിൻസൺ വിശദീകരിച്ചു. ജയിലിൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാണ്. 300 രൂപയുടെ മണിയോഡർ എന്ന കത്തിലെ പരാമർശം ഒരു സൂചന മാത്രമാണ്. ദിലീപ് തനിക്ക് ഒപ്പമുണ്ടെന്ന് സുനിക്ക് ഉറപ്പിക്കാനുള്ള തെളിവായാണ് ആ 300 രൂപ മണിയോഡർ സൂചിപ്പിച്ചത്. ജയിലിൽ വെച്ച് ഫോൺ നാലോ അഞ്ചോ ദിവസം കയ്യിലുണ്ടായിരുന്നു. മറ്റൊരു തടവുകാരൻ വഴി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഫോൺ സുനിക്ക് ലഭിച്ചതെന്നും ജിൻസൺ പറഞ്ഞു.