Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ തള്ളി കോൺ​ഗ്രസ് നേതൃത്വം: കരുതലോടെ പ്രതികരിച്ച് സിപിഐ

കൊവിഡിനിടെ ഏഷ്യാനെറ്റ് ന്യൂസ്-സീഫോർ സർവ്വെ രാഷ്ട്രീയകേന്ദ്രങ്ങളിൽ ഉണ്ടാക്കിയത് വലിയ ചർച്ച. ഇടതിന് തുടർഭരണസാധ്യത പ്രവചിക്കുന്ന സർവ്വെയിൽ യുഡിഎഫ് ക്യാമ്പ് കടുത്ത നിരാശയിലാണ്.

Leaders reaction for asianet news survey
Author
Thiruvananthapuram, First Published Jul 5, 2020, 1:35 PM IST

തിരുവനന്തപുരം: ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫിന് തുടർഭരണമെന്ന ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വെ തള്ളി കോൺഗ്രസ്. നാളെ തെരഞ്ഞെടുപ്പ് നടന്നാലും യുഡിഎഫിനെ ജനം പിന്തുണക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താഴെത്തട്ടിൽ നിന്നുള്ള വിവരം അനുസരിച്ച് തുടർഭരണം  ഉറപ്പാണെന്നായിരുന്നു സിപിഐ പ്രതികരണം.

കൊവിഡിനിടെ ഏഷ്യാനെറ്റ് ന്യൂസ്-സീഫോർ സർവ്വെ രാഷ്ട്രീയകേന്ദ്രങ്ങളിൽ ഉണ്ടാക്കിയത് വലിയ ചർച്ച. ഇടതിന് തുടർഭരണസാധ്യത പ്രവചിക്കുന്ന സർവ്വെയിൽ യുഡിഎഫ് ക്യാമ്പ് കടുത്ത നിരാശയിലാണ്. സർവ്വെയെ എതിർത്ത് സർക്കാറിനെതിരായ നിലപാടുകൾ ശക്തമാക്കാനാണ് പ്രതിപക്ഷം തീരുമാനം

കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾക്ക് ആക്കം കുട്ടുന്നതാണ് സർവ്വെ ഫലം. പ്രതിപക്ഷനേതാവിനെക്കാൾ പിന്തുണ ഉമ്മൻചാണ്ടിക്ക് കിട്ടിയതിൽ എ ഗ്രൂപ്പിന് സന്തോഷം. പക്ഷെ അതൊന്നും പുറത്തുകാണിക്കാതെ കാത്തിരുന്ന് കാണൽ നയം തുടരാനാണ് നീക്കം. സർവ്വെക്ക് പിന്നാലെ തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ നേതൃമാറ്റ ആവശ്യം ലീഗ് അടക്കമുള്ള കക്ഷികൾ ഉന്നയിക്കുമോ എന്ന ആശങ്കയിലാണ് ഐ ഗ്രൂപ്പ്. തുടർഭരണ പ്രവചനം ആത്മവിശ്വാസം കൂട്ടുന്നെങ്കിലും ഇടത് മുന്നണി പ്രതികരണം കരുതലോടെയാണ്.

ഉമ്മൻചാണ്ടിയുടെ ജനപ്രീതി തുടരുന്നതും യുഡിഎഫ് തന്ത്രങ്ങളിൽ വരുത്താനിടയുള്ള മാറ്റങ്ങളുമൊക്കെ എൽഡിഎഫ് കാര്യമായെടുക്കുന്നു. പ്രതിപക്ഷനേതാവിനെക്കാൾ ജനപ്രീതി പാർട്ടി പ്രസിഡൻ്റിന് കിട്ടിയത് ബിജെപിക്ക് ഉണർവേകുന്നു. അപ്പോഴും കേരളം പിടിക്കൽ എന്ന വലിയ ലക്ഷ്യം വളരെ അകലെയെന്ന സന്ദേശം സർവ്വേ എൻഡിഎക്ക് നൽകുന്നു.

Follow Us:
Download App:
  • android
  • ios