Asianet News MalayalamAsianet News Malayalam

വയനാട് അക്രമം : ദില്ലി മാർച്ച് എന്തിനെന്ന് യെച്ചൂരി, ലെനിൻ പറഞ്ഞത് സംഭവിച്ചെന്ന് എൻ.എസ്.മാധവൻ

വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം നടന്നപ്പോൾ ആരെങ്കിലും എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ചോ എന്ന് യെച്ചൂരി, ഓഫീസ് തകർത്ത സംഭവം ഇടതുപക്ഷത്തിന് ആകെ നാണക്കേടുണ്ടാക്കിയെന്ന് സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബു

Leaders reaction on Rahul Gandhi's office attack
Author
Thiruvananthapuram, First Published Jun 25, 2022, 1:53 PM IST

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെ പാർട്ടി വ്യത്യാസമില്ലാതെ വിമർശിച്ച് നേതാക്കൾ. ആക്രമണം തള്ളിപ്പറഞ്ഞെങ്കിലും ദില്ലിയിൽ എകെജി സെന്ററിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നടപടിയെ സീതാറാം യെച്ചൂരി വിമർശിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് സ്വയം നിയന്ത്രണം വേണമെന്ന് കാനം പറഞ്ഞു. ലെനിൻ ഒരു നൂറ്റാണ്ട് മുമ്പ് പറഞ്ഞതാണ് വയനാട്ടിൽ സംഭവിച്ചതെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ കുറ്റപ്പെടുത്തി. നേതാക്കളുടെ പ്രതികരണങ്ങളിലേക്ക്...

സീതാറാം യെച്ചൂരി

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ദില്ലി എകെജി സെന്ററിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വയനാട്ടിലെ സംഭവത്തിൽ സംസ്ഥാനത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ഇവിടെ പ്രതിഷേധം. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം നടന്നപ്പോൾ ആരെങ്കിലും എഐസിസി ആസ്ഥാനത്ത് പ്രതിഷേധം നടത്തിയോ എന്നും യെച്ചൂരി ചോദിച്ചു.

കെ.സി.വേണുഗോപാൽ

എംപി ഓഫീസ് ആക്രമണത്തിൽ സിപിഎം നാടകം കളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം. അക്രമികൾക്ക് പൊലീസ് സംരക്ഷണം ലഭിച്ചുവെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു. എംപി ഓഫീസിന് സുരക്ഷ നൽകാൻ കഴിയാത്തവരാണ് ഡിസിസി ഓഫീസിന് സുരക്ഷ നൽകാനെത്തിയിരിക്കുന്നതെന്നും കെ.സി.പരിഹസിച്ചു.

കാനം രാജേന്ദ്രൻ

രാഷ്ട്രീയ പാർട്ടികൾക്ക് സ്വയം നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര., ജനാധിപത്യ മര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ലെന്നും കാനം പറഞ്ഞു.

പ്രകാശ് ബാബു

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് ഇടതുപക്ഷത്തിന് ആകെ നാണക്കേടുണ്ടാക്കിയെന്ന് സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബു. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണ്. അവരെ നിയന്ത്രിക്കേണ്ട രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ദോഷം ചെയ്യുമെന്നും പ്രകാശ് ബാബു പറഞ്ഞു.

എൻ.എസ്.മാധവൻ

വയനാട്ടിൽ സംഭവിച്ചതിനെ കുറിച്ച് ലെനിൻ ഒരു നൂറ്റാണ്ടു മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ. എസ്എഫ്ഐക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. ഒപ്പം പാർട്ടി വിദ്യാഭ്യാസം നൽകുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ നടക്കില്ലെന്ന് രമേശ് ചെന്നിത്തല. ജനവികാരം എതിരായപ്പോഴാണ് പ്രതിഷേധത്തെ സിപിഎം തള്ളിപ്പറയുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

പി.കെ.കുഞ്ഞാലിക്കുട്ടി

രാഹുലിന്റെ ഓഫീസിന് എതിരായ ആക്രമണം ഉണ്ടാക്കിയത് ഒരിക്കലും പരിഹരിക്കാനാകാത്ത പരിക്കെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എന്ത് തരം ബുദ്ധിയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വി.മുരളീധരൻ

സിപിഎം ഗുണ്ടകൾ ഭരണത്തിന്റെ തണലിൽ അഴിഞ്ഞാടുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. സിപിഎമ്മിന്റെ യഥാർത്ഥ മുഖം കോൺഗ്രസിന് മനസിലായതിൽ സന്തോഷമുണ്ടെന്നും ബിജെപിയെ എന്തിന് സിപിഎം സുഖിപ്പിക്കണമെന്നും അദ്ദേഹം ചോദിച്ചു.

എം.എം.ഹസൻ

വയനാട്ടിലെ ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവുകൾ കയ്യിലുണ്ടെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. മുഖ്യമന്ത്രിയുടെ ആജ്ഞ അനുസരിച്ചാണ് അക്രമം നടന്നതെന്നും ഹസൻ ആരോപിച്ചു.  

ഷാഫി പറമ്പിൽ

ഗവൺമെന്റിന്റെയും സിപിഎമ്മിന്റെയും അറിവോടെയുള്ള ആക്രമണമാണ് നടന്നതെന്ന് ഷാഫി പറണ്പിൽ എംഎൽഎ. വിദ്യാർഥി സമൂഹത്തിന് അപമാനമാണ് എസ്എഫ്ഐ. ആക്രമണത്തിന് പിന്നിലുള്ള ലക്ഷ്യം ബഫർ സോണല്ല, രാഹുൽ ഗാന്ധിയാണെന്നും ഷാഫി ആരോപിച്ചു.

ആരിഫ് മുഹമ്മദ് ഖാൻ

വയനാട്ടിലെ ആക്രമണത്തെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം നടത്താൻ ആർക്കും അവകാശമില്ലെന്നും ജനാധിപത്യത്തെ തകർക്കുന്നതാണ് ഇത്തരം ആക്രമണങ്ങൾ എന്നും ഗവർണർ വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios