രാഷ്ട്രീയത്തിനുമപ്പുറം പ്രാദേശികമായ വികാരത്തിലൂന്നിയാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ നമ്മള്‍ പൊതുവേ സമീപിക്കാറ്. ഭരണസംവിധാനത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് സാരഥികളെ തെരഞ്ഞെടുക്കുമ്പോള്‍ അവിടെ മുന്നണിയെക്കാളും പാര്‍ട്ടികളെക്കാളും സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപ്രഭാവം മാര്‍ക്ക് നേടാറുണ്ട്. ഒരു പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍, അവരുടെ പ്രതീക്ഷകള്‍ എന്നിവയെല്ലാം ഏറ്റെടുക്കാന്‍ പ്രാപ്തനായ ഒരാളാണോ എന്ന് മാത്രം നോക്കി വോട്ട് ചെയ്യുന്ന ഏര്‍പ്പാട്. 

ആ അര്‍ത്ഥത്തില്‍ ഇടത് മുന്നണി ഈ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം അത്രമാത്രം ഉയര്‍ത്തിക്കാട്ടാനൊന്നുമില്ലെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സമയങ്ങളില്‍ എല്‍ഡിഎഫ്- പ്രത്യേകിച്ച് സിപിഎം നേരിട്ട ഇടതടവില്ലാത്ത ആരോപണങ്ങളുടെ കുത്തൊഴുക്കിനെ കൂടി ഓര്‍ത്തെടുക്കുമ്പോള്‍ ഇത് ഇടതുമുന്നണി പൊരുതി നേടിയ രാഷ്ട്രീയ വിജയം തന്നെയാണെന്ന് സമ്മതിച്ചുകൊടുക്കേണ്ടതായി വരും. 

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയ്ക്ക് സ്വര്‍ണ്ണക്കടത്ത് കേസ് മുതല്‍ ലൈഫ് മിഷന്‍ അഴിമതി വരെയുള്ള ആരോപണങ്ങളില്‍ സിപിഎം ചെറുതല്ലാത്ത നിലയ്ക്ക് ഉലഞ്ഞു. ഓരോ ആരോപണങ്ങളും നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്നതായി നാം കണ്ടു. നാലര വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് തേടാന്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ പ്രതിപക്ഷമുയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് നേതാക്കള്‍ക്ക് പിടിച്ചുനില്‍ക്കേണ്ടി വന്നു. എന്നാല്‍ സിപിഎമ്മിന്റെ കൃത്യമായ രാഷ്ട്രീയ നീക്കങ്ങള്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക തന്നെ ചെയ്തു.

പാര്‍ട്ടി സെക്രട്ടറി സ്ഥാനമാറ്റം...

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെട്ടതോടെ സിപിഎം കൂടുതല്‍ പ്രതിസന്ധിയിലായി. ഈ കേസുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് കൂടി പാര്‍ട്ടി മറുപടി പറയണമെന്ന നില വന്നു. 

 

 

എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ പിന്‍വാങ്ങിയതോടെ വലിയൊരാശ്വാസമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. പാര്‍ട്ടി പ്രഭാവത്തെ നിലനിര്‍ത്തുന്നതിനും ജനങ്ങള്‍ക്കിടയില്‍ മാതൃകാപരമായ 'ഇമേജ്' കാത്തുസൂക്ഷിക്കുന്നതിനും ധാര്‍മ്മികമായ നടപടിയെന്ന നിലയ്ക്ക് ഈ ചുവടുമാറ്റം വിലയിരുത്തപ്പെട്ടു എന്ന് വേണം കരുതാന്‍. 

സമയബന്ധിതമായി മികച്ചൊരു തീരുമാനം സിപിഎം കൈക്കൊണ്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. അല്ലെങ്കിലൊരു പക്ഷേ നിലവിലുണ്ടായിരുന്ന പരിക്കുകള്‍ അല്‍പം കൂടി സാരമാകുന്ന സാഹചര്യമുണ്ടായേനെ. കോടിയേരി ബാലകൃഷ്ണനെ സംബന്ധിച്ചും ഇതുതന്നെയായിരുന്നു ആരോഗ്യപരമായ തീരുമാനം. 

എന്ന് മാത്രമല്ല, കണ്ണൂര്‍ ലോബിയുടെ പുറത്തേക്ക് സെക്രട്ടറി സ്ഥാനം പോകുന്നത് നീണ്ട കാലത്തിന് ശേഷമാണ്. പാര്‍ട്ടിക്കകത്ത് തന്നെ ഇത്തരമൊരു ആഗ്രഹം ഏറെ നാളായി നിലനിന്നിരുന്നതായാണ് സൂചന. കാലാകാലങ്ങളായി ദേശീയതലത്തില്‍ പോലും കണ്ണൂര്‍ കേഡര്‍ ആധിപത്യം പുലര്‍ത്തുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് പുറത്ത് സജീവവുമാണ്. ഈ സാഹചര്യത്തില്‍ കോടിയേരിക്ക് പകരക്കാരനായി എ വിജയരാഘവനെ പോലൊരു നേതാവിനെ തെരഞ്ഞെടുത്തത് ഗുണപരമായി എന്നതാണ് മറ്റൊരു വിലയിരുത്തല്‍. 

പാര്‍ട്ടിയുടെ കണ്ണൂര്‍ ധാരയില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന മറ്റൊരു ധാരയുടെ പ്രതിനിധിയാണ് വിജയരാഘവന്‍. ഈ പ്രാതിനിധ്യം പാര്‍ട്ടി അണികളില്‍ തന്നെ ചെറിയ ഉണര്‍വ് സൃഷ്ടിച്ചിരിക്കാമെന്നും ഇതുകൂടി തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് 'പോസിറ്റീവ്' ആയ ഘടകമായി പ്രവര്‍ത്തിച്ചിരിക്കാമെന്നുമാണ് നിരീക്ഷണം. 

 

 

വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ നേതാവാണ് എ വിജയരാഘവനെങ്കിലും പാര്‍ട്ടി സെക്രട്ടറി സ്ഥാനമേറ്റെടുത്തത് മുതല്‍ തെരഞ്ഞെടുപ്പ് വരെയുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രചരണരംഗത്തും മറ്റും ശക്തമായ സാന്നിധ്യമാകാന്‍ അദ്ദേഹവും തന്നാലാകും വിധം ശ്രമിച്ചു. 

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാനുള്ള നിര്‍ണായക തീരുമാനത്തിന് പിന്നിലെ സുപ്രധാന സാന്നിധ്യം എ വിജയരാഘവനാണ്. അതോടൊപ്പം തന്നെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികള്‍ തമ്മിലുണ്ടായ പടലപ്പിണക്കം മുന്നണിയെ ബാധിക്കാത്ത വിധം കൊണ്ടുപോകാനും കണ്‍വീനര്‍ എന്ന നിലയ്ക്ക് വിജയരാഘവന് കഴിഞ്ഞു. ഇത്തരം ഇടപെടലുകളെല്ലാം തന്നെ തെരഞ്ഞെടുപ്പ് ഫലത്തെ മികച്ച രീതിയില്‍ തന്നെയാണ് സ്വാധീനിച്ചിട്ടുള്ളത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ തെരഞ്ഞെടുപ്പ് ഫലം വിജയരാഘവന്റെ രാഷ്ട്രീയ ഭാവിക്ക് ഏറെ ഗുണമേകുന്ന ഒന്നായിത്തീരും. 

ആത്യന്തികമായ അംഗീകാരം ജനങ്ങളുടേത്...

കൊവിഡ് കാലം പോലും വക വയ്ക്കാതെ യുഎഡിഫും ബിജെപിയും നടത്തിയ പ്രതിഷേധങ്ങളില്‍ കാലിടറി വീഴാന്‍ ഇടതിന് സാധ്യതകളേറെയുണ്ടായിരുന്നു. എന്നാല്‍ ഏറെ നാളായി സിപിഎം നടത്തിവരുന്ന ശക്തമായ രാഷ്ട്രീയ തയ്യാറെടുപ്പുകള്‍ ഈ സാഹചര്യത്തില്‍ മുതല്‍ക്കൂട്ടാവുകയായിരുന്നു. കൂടുതല്‍ക്കൂടുതല്‍ ജനകീയമാകാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ കൃത്യമായി ലക്ഷ്യം കണ്ടു. ക്ഷേമ പെന്‍ഷനും, ക്ഷാമകാലത്തെ ഭക്ഷ്യവിതരണവും പോലെ ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെ അഭിസംബോധന ചെയ്തത്, അവയ്ക്ക് പരമാവധി പ്രചാരണം നല്‍കിയതെല്ലാം ഫലം കണ്ടു. നിപ, കൊവിഡ് കാലങ്ങളിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനോടുള്ള വിശ്വാസ്യത വര്‍ധിപ്പിച്ചു. അഴിമതിയാരോപണങ്ങളില്‍ ആടിയുലയാതെ തുടര്‍ന്ന നേതൃത്വത്തിന്റെ ആത്മധൈര്യവും വോട്ടായി മാറി. 

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പൊതുവേ ഇടത് അനുകൂല തരംഗമാണ് കേരളത്തില്‍ കാണാറുള്ളതെങ്കിലും ഇക്കുറി, ഇടത് നേടിയ വിജയം തികച്ചും രാഷ്ട്രീയപരമായി മാറുന്നത് പ്രതിസന്ധിക്കാലത്തെ അതിജീവിച്ചു എന്ന ഒറ്റക്കാരണത്താലാണ്. ഇതുപോലെ കൃത്യമായ ദിശാബോധത്തോടെ മുന്നേറിയാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതിന് നേട്ടം കൊയ്‌തെടുക്കാനാകുമെന്നാണ് ഏവരും വിലയിരുത്തുന്നത്.

Also Read:- പ്രതിപക്ഷ ലക്ഷ്യം ഭേദിച്ച് പിണറായി വിജയൻ; ആരോപണ ശരശയ്യയിൽ നിന്ന് ഉയര്‍ത്തെഴുന്നേൽപ്പ്...