ഭാവിയിൽ പ്രതി പൊലിസ് അന്വേഷണത്തിന്‍റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ കേസ് തമിഴ്നാടിന് കൈമാറുകയാണ് അഭികാമ്യമെന്ന് റൂറൽ എസ്‍പിക്ക് നിയമോപദേശം ലഭിച്ചു. 

തിരുവനന്തപുരം: പാറാശാല ഷാരോണ്‍ വധക്കേസിന്‍റെ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്‍റെ ആസൂത്രണവും തെളിവ് നശിപ്പിക്കലും തമിഴ്നാട്ടിൽ നടന്നതിനാല്‍ പ്രതികള്‍ കുറ്റപത്രം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് നിയമപദേശം. കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് നിയമോപദേശം ലഭിച്ചത്. കേസ് അന്വേഷണത്തിന്‍റെ അധികാര പരിധി സംബന്ധിച്ച് സംശയമുള്ളതിനാലാണ് റൂറൽ എസ്‍ പി നിയമോപദേശം തേടിയത്. 

YouTube video player

ഷാരോണിനിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയും മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിലാണ്. മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കേസെടുത്തത് പാറാശാല പൊലീസും. കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയിരിക്കുന്ന നിയമോപദേശം. 

എന്നാല്‍ ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായതിനാൽ കേസ് കൈമാറേണ്ട ആവശ്യമില്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലി അടക്കമുള്ള ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമോപദേശം ഡിജിപി പരിശോധിച്ച ശേഷമായിരിക്കും സർക്കാരിനെ അഭിപ്രായം അറിയിക്കുക. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് മാറ്റണമെങ്കിൽ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്. 

എന്നാല്‍ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറരുതെന്നാവശ്യപ്പെ്ട് ഷാരോണിന്‍റെ കുടുംബം മുഖ്യമന്ത്രിയെ കാണും. അന്വേഷണം കൈമാറാനുള്ള നീക്കം കേസ് അട്ടിമറിക്കാനാണെന്നാണ് ഷാരോണിന്‍റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെ ഷാരോണിന്‍റെ സഹോദരൻ ഷീമോന്‍റെയും സുഹൃത്തിന്‍റെയും മൊഴി ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ മുന്നോട്ട് പോകാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.