കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ സിഎംഎഫ്ആർഐയുടെ കൃഷി വിജ്ഞാന കേന്ദ്രം ഇഞ്ചിപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കുന്നു. ആനകൾക്ക് താൽപര്യമില്ലാത്ത ഈ കൃഷി കർഷകർക്ക് പുതിയ വരുമാനമാർഗ്ഗം നൽകുന്നു. കോതമംഗലത്ത് സ്ഥാപിച്ച പുൽതൈല യൂണിറ്റിലൂടെ ഉത്പാദിപ്പിക്കുന്ന തൈലം വനംവകുപ്പിന്റെ സഹായത്തോടെ വിപണനം ചെയ്യും.

കൊച്ചി: കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ കൃഷിയുമായി സിഎംഎഫ്ആർഐയുടെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. ആനകൾക്ക് താൽപര്യമില്ലാത്ത വിളകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പദ്ധതിക്ക് കീഴിൽ ഇഞ്ചിപ്പുൽ സംസ്‌കരണ സൗകര്യമുറപ്പാക്കി കോതമംഗലം കോട്ടപ്പടിയിലെ വാവേലിയിൽ 500 കിലോഗ്രാം ശേഷിയുള്ള പുൽതൈല യൂണിറ്റ് സ്ഥാപിച്ചു. ആനകൾക്ക് പ്രിയമില്ലാത്തതും കർഷകർക്ക് വരുമാനമാർഗമാകുന്നതുമാണ് ഇഞ്ചിപ്പുൽ കൃഷി. ആന ശല്യത്താൽ പരമ്പരാഗത കൃഷികൾ ഉപേക്ഷിക്കേണ്ടി വരുന്ന കർഷകർക്ക് മുന്നിലാണ് പുതിയ സാധ്യതയായി ഇഞ്ചിപ്പുൽക്കൃഷിയെ പരിചയപ്പെടുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്‌കരണ സൗകര്യമൊരുക്കി പുൽതൈല നിർമാണം, മൂല്യവർധിത ഉത്പന്നങ്ങളുടെ ബ്രാൻഡിംഗിലൂടെ സംരംഭ സാദ്ധ്യതകൾ ഒരുക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. തൈകൾ നട്ട് അഞ്ച് മാസം കൊണ്ട് ആദ്യവിളവെടുപ്പും തുടർന്ന് ഓരോ രണ്ട് മാസങ്ങൾ കൂടുമ്പോൾ തുടർ വിളവെടുപ്പുകളും നടത്താവുന്ന വിളയാണ് ഇഞ്ചിപ്പുല്ല്. വാവേലിയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷക കൂട്ടായ്മയായ 'ചെമ്പകമിത്ര' സ്വയംസഹായ സംഘത്തിനാണ് യൂണിറ്റിന്റെ നടത്തിപ്പ് ചുമതല. കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പരീക്ഷണ കൃഷിയിടങ്ങളിൽ നിന്ന് പ്രതിവർഷം ഒരേക്കറിൽ 7.5 ടൺ ഇഞ്ചിപ്പുല്ല് വിളവ് ലഭിച്ചു. വനാതിർത്തികളിൽ കൃഷി ചെയ്യുന്നവർക്ക് മികച്ച വരുമാനമാർഗ്ഗമാകുന്ന ഈ പദ്ധതിയെ വനംവകുപ്പും സ്വാഗതം ചെയ്തു. ചെമ്പകമിത്ര സംഘം ഉൽപ്പാദിപ്പിക്കുന്ന പുൽതൈലം സംഭരിച്ച് വനംവകുപ്പിന്റെ 'വനശ്രീ' ബ്രാൻഡിലൂടെ വിപണനം നടത്താൻ പദ്ധതിയുണ്ടെന്ന് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. കാർത്തിക് ഐഎഫ്എസ് വ്യക്തമാക്കി.

സിഎസ്‌ഐആറിന് കീഴിൽ ലഖ്‌നൗവിലെ കേന്ദ്ര ഔഷധ-സുഗന്ധവിള ഗവേഷണ സ്ഥാപനം നടപ്പിലാക്കിവരുന്ന ദേശീയ അരോമ മിഷനിലും ദേശീയ കാർഷിക ഗവേഷണ കൗൻസിലിന്റെ പട്ടികജാതി സബ്-പ്ലാനിലും ഉൾപ്പെടുത്തിയാണ് യൂണിറ്റ് സ്ഥാപിച്ചത്. പുൽതൈല നിർമാണവുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു സംരംഭകത്വ മാതൃക വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.വി.കെ മേധാവി ഡോ. ഷിനോജ് സുബ്രമണ്യൻ പറഞ്ഞു. പുൽതൈലം ഉല്പാദിപ്പിക്കുന്നതിനൊപ്പം അതുപയോഗിച്ച് കൊതുക് നശീകരണ സ്‌പ്രേ, പ്രതലങ്ങൾ വൃത്തിയാക്കാനുള്ള ലായനി, അണു നശീകരണി തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും സംഘത്തിന് പരിശീലനം നൽകാൻ കൂടി ഒരുങ്ങുകയാണ് കെവികെ.