കോഴിക്കോട്: കോഴിക്കോട് എലിപ്പനി ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ശുചീകരണ തൊഴിലാളി നടക്കാവ് സ്വദേശിനിയായ സാബിറ (39) ആണ് ഇന്നലെ മരിച്ചത്. 

കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച ഇവരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. അതിന് ശേഷമാണ് വീണ്ടും പനി വരികയും എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തത്.

Also Read: എലിപ്പനി: ജാഗ്രത വേണം; കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

അതേസമയം, സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങൽ സ്വദേശി വീട്ടിൽ ദേവസ്യാ പിലിപ്പോസിനാണ് പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 54 വയസായിരുന്നു. വൃക്കരോഗ ബാധിതനായിരുന്നു ദേവസ്യാ.

മലപ്പുറത്ത് നിന്നാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് (85) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവയുണ്ടായിരുന്ന മുഹമ്മദിന് കൊവിഡ് ബാധിച്ചതിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.