ദില്ലി: ലൈഫ് മിഷൻ പദ്ധതിക്ക് യുഎഇ റെഡ്ക്രസൻ്റ് സഹായം സ്വീകരിക്കാൻ കേരളം വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി തേടണമായിരുന്നുവെന്ന് കേന്ദ്രം. സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ദുരന്തനിവാരണ ആക്ട് പ്രകാരവും സംസ്ഥാന നടപടി തെറ്റാണെന്നാണ് വിമര്‍ശനം. തുടർ നടപടികൾ വേണോയെന്ന് വിദേശകാര്യ മന്ത്രാലയം ആലോചിക്കും.

ലൈഫ് മിഷൻ പദ്ധതിക്ക് 20 കോടി രൂപ റെഡ്ക്രസന്‍റിൽ നിന്ന് വാങ്ങാൻ അനുമതി തേടിയിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പരിശോധിച്ചു. കേരളത്തിൽ നിന്ന് വിവരം കേന്ദ്രം തേടിയിരുന്നു. വിദേശ സർക്കാരുകളിൽ നിന്നോ സംഘടനകളിൽ നിന്നോ ധനസഹായം സർക്കാർ സ്വീകരിക്കുമ്പോൾ കേന്ദ്ര അനുമതി അനിവാര്യമെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള ചട്ടവും കേരളം പാലിച്ചില്ല എന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ ഇനി എന്ത് നടപടി വേണമെന്ന് കേന്ദ്രം ആലോചിക്കും.

ഇതിനിടെ, സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണത്തിന് യുഎഇയിലെത്തിയ എൻഐഎ സംഘം കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരം ശേഖരിക്കാൻ നീക്കം തുടങ്ങി. ഇക്കാര്യത്തിൽ ഔദ്യോഗികമായ അനുമതിക്ക് സാധ്യത മങ്ങുകയാണ്. ഈ
സാഹചര്യത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് ചില മൊഴികളിൽ വ്യക്തത വരുത്താനെങ്കിലും അനുമതി കിട്ടാനാണ് നീക്കം. യുഎഇയുമായി നടക്കുന്ന ആശയവിനിമയത്തിൽ കൂടുതൽ വിവരങ്ങൾ പറയാനില്ലെന്നാണ്
വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.