തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ റെഡ് ക്രസന്‍റുമായി ഒപ്പുവച്ച ധാരണാപത്രത്തിന്‍റെ വിവരങ്ങൾ ചീഫ് സെക്രട്ടറിയിൽ നിന്ന് തേടി എൻഫോഴ്സ്മെന്‍റ്. യുഎഇ റെഡ് ക്രസന്‍റിൽ നിന്ന് ഫണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയവുമായി എന്തെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്തിയോ എന്നാണ് എൻഫോഴ്സ്മെന്‍റ് നോട്ടീസിൽ ചോദിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് പണിയാനായി ലൈഫ് പദ്ധതിയിലൂടെ ഫണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിന്‍റെ വിശദാംശങ്ങളും എൻഐഎ തേടിയിട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് ചേ‍ർന്ന യോഗങ്ങളുടെ മിനിട്സ്, നിയമോപദേശം, കരാർ രേഖകൾ എന്നിവ നൽകണമെന്നാണ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വിദേശ ഏജൻസിയിൽ നിന്ന് ഫണ്ട് സ്വീകരിക്കുമ്പോൾ കേന്ദ്രാനുമതി തേടിയോ എന്നാണ് എൻഫോഴ്സ്മെന്‍റ് ചോദിച്ച പ്രധാനചോദ്യം. എന്നാൽ വിദേശത്തെ ഒരു സർക്കാരിൽ നിന്ന് ഫണ്ട് വാങ്ങുകയാണെങ്കിൽ മാത്രമേ കേന്ദ്രസർക്കാർ അനുമതി വേണ്ടതുള്ളൂ, അതല്ലാതെ ഒരു സ്വകാര്യ ഏജൻസിയിൽ നിന്ന് ഫണ്ട് വാങ്ങാൻ കേന്ദ്രാനുമതി വേണ്ട എന്നാണ് നിയമമന്ത്രി എ കെ ബാലൻ നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാൽ കേന്ദ്രസർക്കാർ ഈ വാദം തള്ളുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് ഈ പണം സംഭാവനയായി എത്തിയതെങ്കിൽ കേന്ദ്രാനുമതി വേണ്ടിയിരുന്നില്ല, എന്നാൽ ഇത് ഒരു പദ്ധതിയ്ക്കായി നേരിട്ട് ഫണ്ട് സ്വീകരിച്ചതാണ്. ഇതിന് കേന്ദ്രാനുമതി വേണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നിലപാട്. 

നേരത്തേ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളുടെയും കരാർ ഒപ്പുവച്ച യോഗത്തിന്‍റെയും മിനിട്സും രണ്ട് ധാരണാപത്രങ്ങളും ലൈഫ് മിഷൻ സിഇഒ യു വി ജോസിനോട് എൻഫോഴ്സ്മെന്‍റ് തേടിയിരുന്നു. യുഎഇ റെഡ് ക്രസന്‍റുമായി ഒപ്പുവച്ച ധാരണാപത്രവും നിർമാണക്കരാർ യൂണിടാകിന് നൽകാൻ അനുമതി നൽകിക്കൊണ്ടുള്ള അനുമതി പത്രവും യു വി ജോസ് എൻഫോഴ്സ്മെന്‍റിന് നൽകി. എന്നാൽ യോഗങ്ങളുടെ മിനിട്സില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 

ഈ സാഹചര്യത്തിലാണ് കൂടുതൽ വിശദാംശങ്ങൾ ചീഫ് സെക്രട്ടറിയിൽ നിന്ന് തന്നെ എൻഫോഴ്സ്മെന്‍റ് തേടുന്നത്. യൂണിടാക്കിന് കരാർ നൽകിയത് റെഡ് ക്രസന്‍റ് നേരിട്ടാണ്. ഇതിന്‍റെ വിശദാംശങ്ങൾ സർക്കാരിന്‍റെ പക്കലില്ല എന്നാണ് സിഇഒ വിശദീകരിക്കുന്നത്.

സർക്കാർ ഭൂമിയിലെ ഫ്ലാറ്റ് നിർമ്മാണത്തിൽ സ്വപ്ന സുരേഷും ഈജിപ്ഷ്യൻ പൗരനുമെല്ലാം കോടിക്കണക്കിന് രൂപ കമ്മീഷൻ നേടാൻ ഇടയാക്കിയത് സ‍ർക്കാറിന്‍റെ പിടിപ്പ് കേട് മൂലമാണെന്ന് തെളിയിക്കുന്ന ധാരണാപത്രം പുറത്തുവന്നിരുന്നു. ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മിലുണ്ടാക്കിയ ധാരണപത്രം അതീവദുർബലമാണ്. ഫ്ലാറ്റും ആശുപത്രിയും പണിയാമെന്ന് ധാരണയുണ്ടാക്കിയെങ്കിലും തുടർക്കരാറുകൾ ഒന്നും ഒപ്പിട്ടില്ല. യൂണിടാക്കിന് വർക്ക് ഓർഡർ നൽകിയതായും പറയുന്നില്ല. വിദേശസ്ഥാപനങ്ങളിൽ നിന്നും പണം സ്വീകരിക്കുമ്പോൾ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങളും പാലിച്ചില്ല എന്നാണ് ധാരണാപത്രത്തിൽ നിന്ന് വ്യക്തമാകുന്നത്.