തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ ഹൈക്കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബെന്നി ബെഹ്നാൻ. മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ചാലക്കുടി എംപി ആരോപിച്ചു. ഒരു നിമിഷം പാഴാക്കാതെ പിണറായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ബെന്നി ബെഹ്നാൻ റെഡ് ക്രസന്റ് യൂണി ടാക്കിനെ നിർമാണം ഏൽപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ആരോപിച്ചു.

മുഖ്യമന്ത്രി ഫയൽ വിളിച്ചു വരുത്തിയതിൽ കാര്യമില്ലെന്നും അഴിമതി നടന്നുവെങ്കിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു കൂടേയെന്നും പറഞ്ഞ ബെഹ്നാൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്തിലെ വർധന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സമരം നടത്താൻ തൃശ്ശൂർ ഡിസിസി തീരുമാനിച്ചു. ആദ്യഘട്ടമായി 27ന് വടക്കാഞ്ചേരിയിൽ ഏകദിന സത്യാഗ്രഹ സമരം നടത്തും. ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മൻ ചാണ്ടി എന്നിവർ ഈ സത്യാഗ്രഹത്തിൽ പങ്കെടുക്കും ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ഐക്യദാർഡ്യ സമരം നടത്തും.