3,85,145 വീടുകളുടെ നിർമാണം ഇതിനകം പൂർത്തിയായി. 1,14,893 വീടുകളുടെ നിർമാണം നടന്നുവരുന്നു.  അഞ്ചു ലക്ഷത്തിൽ 3805 അതിദരിദ്ര ഗുണഭോക്താക്കളുടെ വീടുകളും ഉൾപ്പെടുന്നു. അവരുടെ 1500 വീടുകൾ പൂർത്തിയായി. 2305  വീടുകൾ നിർമാണ പുരോഗതിയിലാണ്.

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം വീടുകളാണ് ( 5,00,038 വീടുകൾ) അനുവദിച്ചിട്ടുള്ളതെന്ന് കണക്കുമായി സർക്കാര്‍. ഇതിൽ 3,85,145 വീടുകളുടെ നിർമാണം ഇതിനകം പൂർത്തിയായി. 1,14,893 വീടുകളുടെ നിർമാണം നടന്നുവരുന്നു. അഞ്ചു ലക്ഷത്തിൽ 3805 അതിദരിദ്ര ഗുണഭോക്താക്കളുടെ വീടുകളും ഉൾപ്പെടുന്നു. അവരുടെ 1500 വീടുകൾ പൂർത്തിയായി. 2305 വീടുകൾ നിർമാണ പുരോഗതിയിലാണ്.

ഇവർക്ക് പുറമെ പട്ടികജാതി-പട്ടികവർഗക്കാർ, ഭിന്നശേഷിക്കാര്‍, മത്സ്യത്തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ലോകത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതിയായി ലൈഫ് മിഷൻ മാറുകയാണ്. ഇത്രയും ജനകീയവും വിപുലവുമായ ഒരു ഭവനനിർമ്മാണ പദ്ധതി രാജ്യത്ത് മറ്റെങ്ങുമില്ല. ഇക്കഴിഞ്ഞ ബജറ്റിൽ 2024 മാർച്ച് ആകുമ്പോഴേക്കും അഞ്ചുലക്ഷം വീടുകൾ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കരാർ വെച്ച വീടുകൾ പൂർത്തിയാകുന്നതോടെ ആ ലക്ഷ്യം കൈവരിക്കാൻ കഴിയും.

പൂർത്തിയായ 3,85,145 വീടുകളിൽ 2,69,687 വീടുകളും (70%) പൂർണമായി സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വീടുകൾക്ക് നാല് ലക്ഷം രൂപയാണ് നൽകുന്നത്. പട്ടികവർഗക്കാർക്ക് ഭവന നിർമ്മാണത്തിന് ആറുലക്ഷം രൂപയും നൽകുന്നു. ലൈഫ്- പിഎംഎവൈ റൂറൽ പദ്ധതിയിലാണ് 33272 വീടുകൾ പൂർത്തിയാക്കിയത്. കേരളം ഇവർക്കും നാലുലക്ഷം രൂപ നൽകുന്നു. ഈ വീടുകൾക്ക് 72000 രൂപയാണ് കേന്ദ്രവിഹിതം. ശേഷിക്കുന്ന 3,28,000 രൂപ സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് നല്‍കുന്നത്. അതായത് 82 ശതമാനം തുകയും സംസ്ഥാനസർക്കാർ നൽകുന്നു. 

ലൈഫ്-പിഎംഎവൈ അർബൻ പദ്ധതിയിലൂടെ 82186 വീടുകളാണ് പൂർത്തിയായത്. ഈ പദ്ധതിക്കായി കേന്ദ്രം നൽകുന്നത് ഒന്നരലക്ഷം രൂപയാണ്. ഇവിടെ തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ചേർന്ന് രണ്ടര ലക്ഷം രൂപ കൂടി ചേർത്ത് നാലുലക്ഷം രൂപയാക്കി ഗുണഭോക്താക്കൾക്ക് നൽകുന്നു. ലൈഫ് മിഷൻ വഴിയുള്ള ഭവന നിർമ്മാണത്തിനായി നാളിതുവരെ ചെലവഴിച്ചത് 17,209.09 കോടി രൂപയാണ്. ഇതിൽ 2081.69 കോടി രൂപ (12.09 ശതമാനം) മാത്രമാണ് കേന്ദ്രവിഹിതം. രാജ്യത്ത് ഭവന നിർമ്മാണത്തിന് ഏറ്റവുമധികം പണം നൽകുന്ന സംസ്ഥാനം കേരളമാണ്.

11 ഭവന സമുച്ചയങ്ങളിലൂടെ 886 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 2 ഭവന സമുച്ചയങ്ങള്‍ പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസ്ഥയിലും (ജി സി ഡി എ, പെരിന്തല്‍മണ്ണ നഗരസഭ) 3 എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരെണ്ണം സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയിലും(മണ്ണന്തല-എന്‍ ജി ഒ യൂണിയന്‍) ബാക്കിയുള്ള 5 എണ്ണം (അടിമാലി, കടമ്പൂര്‍, കരിമണ്ണൂര്‍, പുനലൂര്‍, വിജയപുരം) ലൈഫ് മിഷന്‍ നേരിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി. 

21 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമായി ലഭിച്ച ഭൂമിയിലെ 2 ഭവനസമുച്ചയങ്ങളുടെ (പൂവച്ചല്‍, നെല്ലിക്കുഴി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്.
വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി പാവപ്പെട്ടവരുടെ മുഖങ്ങളില്‍ പ്രതീക്ഷയുടെ ചെറുചിരികള്‍ വിരിയിച്ച് ലോക ജനതയ്ക്ക് മുന്നില്‍ മാതൃകയാകുകയാണ് സംസ്ഥാന സര്‍ക്കാര്‍. 

'ഒരാൾ കൈ കാണിച്ചാലും വണ്ടി നിർത്തി കൊടുക്കണം'; മുഖ്യമന്ത്രി നൽകിയ ആദ്യ നിർദേശങ്ങളും വെളിപ്പെടുത്തി ഗണേഷ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...