Asianet News MalayalamAsianet News Malayalam

വിവാദങ്ങള്‍ക്കിടെ അഭിമാനപദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; ലൈഫ് പദ്ധതിയിലെ ഫ്ലാറ്റുകളുടെ തറക്കല്ലിടല്‍ 24ന്

ലൈഫ് ഇടപാടില്‍ കമ്മീഷന്‍ പറ്റിയവരില്‍ മന്ത്രി പുത്രന്‍ വരെയുണ്ടെന്ന ആരോപണം പദ്ധതിയുടെ സല്‍പേരിന് കളങ്കമായി. എന്നാല്‍ വിവാദങ്ങളൊന്നും പദ്ധതിയെ ബാധിച്ചിട്ടില്ലെന്ന വാദവുമായാണ് 14 ജില്ലകളിലും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് തറക്കല്ലിടുന്നത്

life mission more flats foundation stone laid by cm pinarayi vijayan on sept 24
Author
Thiruvananthapuram, First Published Sep 18, 2020, 7:04 AM IST

തിരുവനന്തപുരം: വിവാദങ്ങളും ആരോപണങ്ങളും പ്രതിപക്ഷം കത്തിക്കുന്നതിനിടെ ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന പുതിയ ഫ്ലാറ്റുകള്‍ക്ക് സര്‍ക്കാര്‍ തറക്കല്ലിടാനൊരുങ്ങുന്നു. വരുന്ന വ്യാഴാഴ്ച ഓണ്‍ലൈനിലൂടെ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുക. 14 ജില്ലകളിലും തറക്കല്ലിടല്‍ ചടങ്ങ് നടക്കും.

സംസ്ഥാനത്ത് കിടപ്പാടമില്ലാത്തവര്‍ക്കായി പിണറായി സര്‍ക്കാര്‍ അഭിമാനപൂര്‍വം തുടങ്ങിയ ലൈഫ് പദ്ധതിയാണ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ വിവാദത്തിലേക്ക് വീണത്. ലൈഫ് ഇടപാടില്‍ കമ്മീഷന്‍ പറ്റിയവരില്‍ മന്ത്രി പുത്രന്‍ വരെയുണ്ടെന്ന ആരോപണം പദ്ധതിയുടെ സല്‍പേരിന് കളങ്കമായി.

എന്നാല്‍ വിവാദങ്ങളൊന്നും പദ്ധതിയെ ബാധിച്ചിട്ടില്ലെന്ന വാദവുമായാണ് 14 ജില്ലകളിലും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് തറക്കല്ലിടുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്കായാണ് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയില്‍ ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. 14 ജില്ലകളിലായി 29 കേന്ദ്രങ്ങളിലാണ് പുതിയ ഫ്ലാറ്റുകള്‍ ഉയരുക. കണ്ണൂരില്‍ അഞ്ചിടത്തും കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ മൂന്നിടങ്ങളിലും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടിടങ്ങളിലും കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഓരോ കേന്ദ്രങ്ങളിലുമാണ് വരുന്ന 24ന് ഫ്ലാറ്റുകള്‍ക്ക് തറക്കല്ലിടുന്നത്.

നിലവില്‍ വടക്കാഞ്ചേരിയില്‍ റെഡ് ക്രസന്‍റ്  സഹായത്തോടെ നിര്‍മിക്കുന്ന ഫ്ലാറ്റ് ഉള്‍പ്പെടെ എട്ട് ഫ്ലാറ്റുകളുടെ നിര്‍മാണം പുരോഗമിക്കുന്നുമുണ്ട്. വീട് പണി പാതി വഴിയില്‍ നിലച്ചുപോയവര്‍ക്കായുളള ലൈഫ് പദ്ധതിയിലെ സ്കീം ഒന്ന് പ്രകാരം 97 ശതമാനം പേര്‍ക്കും സ്വന്തമായി ഭൂമിയുളള ഭവനരഹിതര്‍ക്കായുളള സ്കീം രണ്ട് പ്രകാരം 83 ശതമാനം പേർക്കും ഇതിനകം ലൈഫ് പദ്ധതി പ്രകാരം വീട് നല്‍കിയതായാണ് സര്‍ക്കാര്‍ കണക്ക്.

ഈ മൂന്ന് പദ്ധതികളിലും ഉള്‍പ്പെടാതെ പോയവര്‍ക്കായി വീണ്ടും സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതുവരെ എട്ട് ലക്ഷത്തോളം പേര്‍ അപേക്ഷ നില്‍കിയതായാണ് ലൈഫ് അധികൃതര്‍ നല്‍കുന്ന കണക്ക്. ഈ മാസം 23 വരെ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios