തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിൽ നിര്‍മ്മിക്കുന്ന ഫ്ലാറ്റിന്‍റെ പദ്ധതി രേഖകൾ ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയിൽ പദ്ധതി രേഖകൾ ആവശ്യപ്പെട്ടിട്ട് ഒരുമാസത്തിന് ശേഷവും മറുപടി ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കത്ത് നൽകാൻ തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ലൈഫ് പദ്ധതി രേഖകളും കരാര്‍ വിശദാംശങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ സമീപിച്ചിട്ട് ഒരുമാസം പിന്നിട്ടിട്ടും സര്‍ക്കാരിൽ നിന്ന് മറുപടി കിട്ടിയിട്ടില്ല. രേഖകൾ നൽകിയിട്ടും ഇല്ല. 

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ എന്തുകൊണ്ട് നൽകുന്നില്ല എന്ന ചോദ്യത്തിന് അതിപ്പോൾ പറയാനാകില്ല എന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പദ്ധതി സംബന്ധിച്ച് അടിമുടി അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും വൻതുകക്കുള്ള കമ്മീഷൻ ഇടപാട് വിശദാംശങ്ങളും എല്ലാം പുറത്ത് വന്നിട്ടും ഇതെ കുറിച്ച് വൈകാരിക പ്രതികരണങ്ങൾക്ക് അപ്പുറം വസ്തുതകൾ വ്യക്തമാക്കാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രേഖകൾ പുറത്ത് വന്നാൽ അഴിമതി കഥ പുറത്താകുമെന്ന ഭയമാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

തുടർന്ന് വായിക്കാം: മന്ത്രി പുത്രനും ലൈഫ് മിഷനിലെ കമ്മീഷൻ കിട്ടിയെന്ന് സംശയം; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി...

സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിൽ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷനെന്നായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ .ഇതോടെയാണ് പദ്ധതിയുമായി  ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളുടെ ചുരുളഴിയുന്നത്. യു എ ഇയിലെ സന്നദ്ധ സംഘടനായ റെഡ് ക്രസ്ന്‍റ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 20 കോടി രൂപയാണ് കേരളത്തിനായി മുടക്കിയത്. ലൈഫ് മിഷൻ പദ്ധതി വഴി വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകൾ നി‍ർമിക്കുന്നതിനാണ് യൂണിടെകിന് കരാർ കിട്ടിയത്. നിർമാണ കരാ‍ർ കിട്ടാൻ 4 കോടിയോളം രൂപ കമ്മീഷൻ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.