കോഴിക്കോട്: മലബാറില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു കെ.കെ രാമചന്ദ്രന്‍. ആറുവട്ടം എംഎല്‍എയായ അദ്ദേഹം രണ്ടുവട്ടം മന്ത്രിയുമായി. ഒരു കാലത്ത് കെ.കരുണാകരന്‍റെ വിശ്വസ്ഥനെന്ന് അറിയപ്പെട്ട കെ.കെ രാമചന്ദ്രന്‍ പിന്നീട് കരുണാകരനെതിരെയും പട നയിച്ചു. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനത്തുടര്‍ന്ന് 2011 പാര്‍ട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട രാമചന്ദ്രന് പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങാനായില്ല.

കണ്ണൂര്‍ ചൊക്ളി സ്വദേശിയായ കെ.കെ രാമചന്ദ്രന്‍ ചെറുപ്രായം മുതല്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കെ ചൊക്ലി ഓറിയന്‍റല്‍ ഹൈസ്കൂളില്‍ അധ്യാപകനായി ചേര്‍ന്ന രാമചന്ദ്രന്‍ പിന്നീട് തന്‍റെ പ്രവര്‍ത്തന മണ്ഡലം വയനാട്ടിലേക്ക് മാറ്റി. 1963ല്‍ കേണിച്ചിറഅരിമുള സ്കൂളില്‍ അധ്യാപകനായി. 79ല്‍ ജോലി രാജിവച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തിലിറങ്ങി. 

തോട്ടം മേഖലയായിരുന്നു പ്രധാന പ്രവര്‍ത്തന രംഗം. വയനാട്ടിലെ എളമ്പിലേരി എസ്റ്റേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ തോട്ടമുടമ നടത്തിയ വെടിവയ്പ്പില്‍ നിന്ന് കെ.കെ രാമചന്ദ്രന്‍ കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്. 82ല്‍ ബത്തേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം പിന്നീട് രണ്ട് വട്ടം കൂടി ബത്തേരിയില്‍ നിന്ന് ജയിച്ചു. കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്ന് മൂന്നു വട്ടവും രാമചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. 

എ.കെ ആന്‍റണി മന്ത്രിസഭയില്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായ രാമചന്ദ്രന്‍ പിന്നീട് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുമായി. വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് നിയമനത്തില്‍ ഇടപെട്ടതു സംബന്ധിച്ച  വിവാദത്തെത്തുടര്‍ന്ന്  രാമചന്ദ്രന് മന്ത്രിസ്ഥാനത്തു നിന്ന് പടിയിറങ്ങേണ്ടി വന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. 

തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന അദ്ദേഹം 2011നിയമസഭാ തെര‌ഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. 

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ പ്ളാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 256 കോടി രൂപയുടെ അഴിമതി നടന്നെന്നും ഇതിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ആണെന്നും രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത് വന്‍വിവാദമായി. തുടര്‍ന്നാണ് കെ.കെ രാമചന്ദ്രനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ രാമചന്ദ്രന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മടക്കം സാധ്യമായില്ല.